തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലപ്പുറം എസ്.പി എസ്.ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ്. ശശിധരന്‍. ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിന്റെ അന്വേഷ മികവിന് ഉദാഹരണമാണ്. ഭരണ കക്ഷി എം.എല്‍.എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എ.ഡി.ജി.പിയെ സംരക്ഷിക്കാന്‍ എം.എല്‍.എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്.
ആര്‍.എസ്.എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.