െകാച്ചി: മൂവാറ്റുപുഴയിൽ അധ്യാപകെൻറ കൈവെട്ടിയ കേസിലെയും വളപട്ടണം െഎ.എസ് കേസിലെയും പ്രതികൾക്ക് സാക്ഷിമൊഴികളുടെ പകർപ്പ് നൽകാൻ ഹൈകോടതി നിർദേശം. സംരക്ഷിത സാക്ഷികളുടെ വ്യക്തിവിവരങ്ങൾ തിരിച്ചറിയാത്തവിധം വേണം പകർപ്പ് നൽകാനെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വളപട്ടണം കേസിൽ എ മുതൽ ജെ വരെ സാക്ഷികളുടെ മൊഴിപ്പകർപ്പ് നൽകാനാണ് നിർദേശം.
സംരക്ഷിത സാക്ഷികളല്ലാത്തവരുടെ 164 പ്രകാരമുള്ള മൊഴി പൂർണമായും 334ഉം 333ഉം സാക്ഷികളുടെ 161 പ്രകാരമുള്ള മൊഴിപ്പകർപ്പുകൾ വ്യക്തിപരമായ വിവരങ്ങൾ മറച്ചുവെച്ചും നൽകണം. കൈവെട്ട് കേസിലെ അന്തിമ റിപ്പോർട്ടിെൻറയും സപ്ലിമെൻററി അന്തിമ റിപ്പോർട്ടുകളുെടയും പകർപ്പുകളും കൈമാറണം. സംരക്ഷിത സാക്ഷികളെ തിരിച്ചറിയാൻ കഴിയുന്ന വിശദാംശങ്ങൾ മറച്ചുവേണം ഇതും നൽകാൻ. ഈ പകർപ്പുകൾ പ്രത്യേക കോടതിയിൽ എത്തിക്കാൻ എൻ.ഐ.എക്ക് രണ്ടാഴ്ച അനുവദിച്ചു.
എല്ലാ സാക്ഷികളുെടയും വിസ്താരം പൂർത്തിയാക്കുന്ന മുറക്ക് സംരക്ഷിത സാക്ഷികളുടെ മൊഴിപ്പകർപ്പ് പൂർണമായി നൽകുന്ന കാര്യത്തിൽ സ്പെഷൽ കോടതിക്ക് തീരുമാനമെടുക്കാം. സാക്ഷികളുടെ മൊഴിപ്പകർപ്പുകളും അന്തിമ റിപ്പോർട്ടുകളുടെ പകർപ്പുകളും പ്രതികൾക്ക് നൽകാനുള്ള സ്പെഷൽ കോടതി ഉത്തരവ് ചോദ്യം ചെയ്ത് എൻ.ഐ.എയും സംരക്ഷിത സാക്ഷികളുടെ പേരും വിവരങ്ങളും മറച്ചുവെച്ച് നൽകാനുള്ള ഉത്തരവിനെതിരെ കൈവെട്ട്, വളപട്ടണം ഐ.എസ് കേസിലെ ചില പ്രതികളുെടയും അപ്പീൽ ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സാക്ഷിവിവരങ്ങളും മൊഴിപ്പകർപ്പുകളും നൽകാതെ ശരിയായ വിചാരണ സാധ്യമല്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ, സാക്ഷികൾക്ക് ഭയം കൂടാതെ സ്വതന്ത്രമായി മൊഴി നൽകാനുള്ള സാഹചര്യമാണ് വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സംരക്ഷിത സാക്ഷികളുടെ മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. എൻ.ഐ.എയുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചെങ്കിലും കേസ് പ്രതിരോധിക്കാനാവശ്യമായ നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും പ്രതിക്ക് നൽകാവുന്നതാണെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.