വഞ്ചിയൂര്‍ യുവതിക്കുനേരേ വെടിവെപ്പ് ; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂരിൽ പട്ടാപ്പകൽ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിർത്ത സംഭവത്തിൽ വനിതാ ഡോക്ടർ അറസ്റ്റിൽ. കൊല്ലം സ്വദേശി ഡോ. ദീപ്തിമോൾ ജോസാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍.

ക്രിട്ടിക്കൽ കെയർവിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചക്ക് ആശുപത്രി പരിസരത്തു നിന്നാണ് വഞ്ചിയൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത്. ദീപ്തിമോൾ ജോസും വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിൻരാജ് പറഞ്ഞു. സുജീത്തും ദീപ്തിയും ഒന്നരവർഷം മുൻപ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്.

ആക്രമണത്തിന് ഉപയോഗിച്ച വാഹനം ബന്ധുവിന്റെതാണ്. വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പർ പ്ലേറ്റ് തയാറാക്കി. വെടിവെക്കാനുള്ള എയർപിസ്റ്റൾ ഓൺലൈനായി വാങ്ങി. പിസ്റ്റൾ ഉപയോഗിക്കാനും വെടിവെക്കാനും ഇന്റർനെറ്റിൽ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടർ ആയതിനാൽ ശരീരത്തിലേൽക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവർക്ക് അറിയാമായിരുന്നു. കൊല്ലം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും എയർപിസ്റ്റൾ വാങ്ങിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. തെളിവുകൾ നിരത്തിയപ്പോഴാണ് മൊഴിനൽകിയത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും മറ്റും ചോദിച്ചറിയേണ്ടതുണ്ട്. കൂറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. ദീപ്തി ദിവസങ്ങൾക്ക് മുൻപ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചിരുന്നു. നീളൻകോട്ടും ധരിച്ചിരുന്നു. 

Tags:    
News Summary - Vanjiur woman shot at; The woman doctor was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.