കസ്റ്റഡി മരണം: പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു -സതീശൻ

കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമീഷ്ണറുടെ കൈയിലുണ്ട്. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പോക്കറ്റില്‍ കൈ ഇട്ട് സി.ഐയുടെ മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ 18കാരന് ക്രൂര മര്‍ദനമേറ്റു. ആ യുവാവിന്റെ പിതാവ് സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് പരാതി ഉന്നയിച്ചിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല.

അമ്മയെ ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും മകള്‍ വിളിച്ചപ്പോള്‍ സ്‌റ്റേഷനിലെത്തി രാത്രി പന്ത്രണ്ടരയ്ക്ക് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊലീസാണ് കേരളത്തിലുള്ളത്. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ മുഖ്യമന്ത്രി ഞെളിഞ്ഞ് ഇരിക്കുകയാണ്. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാല്‍ സി.ഐയെ മാറ്റാന്‍ പറ്റില്ല. സി.ഐയെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ ഏരിയാ കമ്മിറ്റികളാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സി.പി.എം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷയ്ക്ക് വേണ്ടി

എം.വി ഗോവിന്ദന്റെ പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്ത് വന്നിരിക്കുകയാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. മോദി ഭരണകൂടത്തിന് എതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തരംഗം ഉണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച് ബി.ജെ.പിയെ സന്തോഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയല്ല സ്വയരക്ഷക്ക് വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - VD satheesan against kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.