മോദിക്കും സംഘപരിവാറിനുമെതിരെ പ്രതിഷേധിക്കുമ്പോള്‍ പൊലീസിന് ഹാലിളകുന്നത് എന്തിനെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ഡി.സി.സി ഇന്ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് കൈയേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുമ്പോഴും ബി.ജെ.പി- സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തില്‍ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്‍ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്റ്റ് രീതിയാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നത്. പൊലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ കൊട്ടേഷന്‍ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. നിങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan asks why the police are harassed when they protest against Modi and the Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.