'സഭയിൽ നടക്കുന്നത് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ട, റിയാസ് മന്ത്രിയായത് മാനേജ്മെന്‍റ് ക്വാട്ട‍യിൽ'

തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിൽ നടക്കുന്നത് കുടുംബ അജണ്ടയാണെന്ന് പറഞ്ഞ അദ്ദേഹം, മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ പി.എ. മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് റിയാസ് പറഞ്ഞത് മന:പൂർവം പ്രകോപിപ്പിക്കാൻ വേണ്ടിയാണെന്നും സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭക്കകത്തും സ്പീക്കറുടെ ചേംബറിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ഇന്നും നിഷേധിക്കുകയാണ്. മുഖ്യമന്ത്രിയും മറുപടി പറയുന്നില്ല. സ്പീക്കർ പരിഹാസ്യപാത്രമാകുകയാണ്. സർക്കാർ അനുമതി കൊടുക്കാതിരിക്കുമ്പോൾ സ്പീക്കറെയും നിർബന്ധിക്കുകയാണ് അനുമതി കൊടുക്കാതിരിക്കാൻ.


സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള ഒരു കുടുംബ അജണ്ടയുടെ ഭാഗമായാണ് കുറച്ചു ദിവസങ്ങളായി സഭയിൽ നടക്കുന്ന കാര്യങ്ങൾ. മരുമകൻ എത്ര വലിയ പി.ആർ വർക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവായി മാറ്റി നിയമസഭ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കുടുംബ അജണ്ട. അതാണ് സഭയിൽ നടക്കുന്നത്.


മന്ത്രി മുഹമ്മദ് റിയാസ് പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന ആക്ഷേപമാണ് ഉന്നയിച്ചത്. എന്ത് അധികാരമാണ് അയാൾക്കുള്ളത്. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളത് -വി.ഡി. സതീശൻ ചോദിച്ചു.


സ്ത്രീ സുരക്ഷ പോലെ അടിയന്തര പ്രാധാന്യമുള്ള കാര്യത്തിലാണ് ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെങ്കോട്ടുകോണത്ത് 16കാരിയായ വിദ്യാർഥിയെ പട്ടാപ്പകൽ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിഷേധവുമായിറങ്ങിയ പ്രതിപക്ഷം പിന്നീട് സ്പീക്കറുടെ ചേംബർ ഉപരോധിക്കുകയും ചെയ്തു. 

Tags:    
News Summary - VD Satheesan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.