സഭാ നടുത്തളത്തിലെ സത്യഗ്രഹം മുമ്പുണ്ടായിട്ടില്ലെന്ന വാദം തെറ്റ്, ആദ്യം ഇരുന്നത് ഇ.എം.എസ് -വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന സര്‍ക്കാറിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികള്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് സര്‍ക്കാറിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷാംഗങ്ങളെയും അവഹേളിച്ചു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുന്നതെന്നാണ് ഒരു മന്ത്രി ക്രമപ്രശ്‌നം ഉന്നയിച്ചത്. സ്പീക്കറും അതിന് പിന്തുണ നല്‍കി. എന്നാൽ, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവായിരുന്ന 1974 ഒക്ടോബര്‍ 21നാണ് നടുത്തളത്തില്‍ ആദ്യമായി സത്യഗ്രഹമുണ്ടായത്. അതിന് ശേഷം 1975 ഫെബ്രുവരി 25-ന് ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിപക്ഷാംഗങ്ങള്‍ രാത്രിമുഴുവന്‍ സഭയുടെ നടുത്തളത്തില്‍ ഇരുന്നു. 2011-ല്‍ വി.എസ്. അച്യുതാനന്ദന്റെ കാലത്തും സഭയുടെ നടുത്തളത്തില്‍ ഇരുന്നിട്ടുണ്ട്. മന്ത്രിമാരും സ്പീക്കറും സഭാ ചരിത്രം ഇടയ്‌ക്കൊന്നു മറിച്ച് നോക്കണം. അവരുടെ ഏറ്റവും വലിയ നേതാവ് ഇ.എം.എസാണ് അദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചത്. എന്നിട്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് ഏറ്റവും മോശമെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

വാദികളായ എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. നിയമസഭയില്‍ നടന്ന സംഭവത്തില്‍ എം.എല്‍.എമാര്‍ക്ക് കിട്ടാത്ത നീതി എങ്ങനെയാണ് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്?

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാറിന്റെ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയ്യെടുത്ത് പറഞ്ഞ് തീര്‍ക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയില്‍ എന്ത് നടക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്നും ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന് തല കുനിച്ച് കൊടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷം തയാറല്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശങ്ങളും പിടിച്ചു പറിക്കാന്‍ അനുവദിക്കില്ല. ധിക്കാരത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.