തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയെടുത്ത് പറഞ്ഞു തീര്‍ക്കുന്ന പാരമ്പര്യമാണ് നിയമസഭക്കുള്ളത് -വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് കീഴടങ്ങില്ലെന്നും തങ്ങളുടെ ഒരവകാശവും പിടിച്ചുപറിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. പ്രതിപക്ഷവുമായി ഒരുകാരണവശാലും ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാർ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയെടുത്ത് പറഞ്ഞുതീര്‍ക്കുന്ന പാരമ്പര്യമാണ് സംസ്ഥാന നിയമസഭക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയില്‍ എന്ത്​ നടക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ തലകുനിച്ച് കൊടുക്കില്ല. സര്‍ക്കാറിന്റെ ധിക്കാര നിലപാടാണ് നിയമസഭ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്നും സതീശൻ വ്യക്തമാക്കി.

അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേക അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുമാണ്​ ശ്രമം. വാദികളായ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്ത് ഭയപ്പെടുത്താനാണ്​ ശ്രമിക്കുന്നത്​. കള്ളക്കേസെടുത്ത് അവരെ ജയിലിലടച്ചാല്‍ കേരളം വെറുതെയിരിക്കുമെന്ന്​ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തെ അവഹേളിച്ചു. സഭ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുന്നതെന്ന്​ ഒരു മന്ത്രി ക്രമപ്രശ്‌നം ഉന്നയിച്ചപ്പോൾ സ്പീക്കറും പിന്തുണച്ചു. നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന്​ പ്രതിപക്ഷ നേതാവ് ഏറ്റവും മോശമാണെങ്കില്‍ ഇ.എം.എസ്​, വി.എസ്. അച്യുതാനന്ദൻ എന്നീ രണ്ട് മുന്‍ഗാമികള്‍ തനിക്കുണ്ട്​. സ്പീക്കറുടെ റൂളിങ്ങിന് വിരുദ്ധമായാണ് സഭാ ടി.വി പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയമം ലംഘിച്ച് നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സതീശൻ അറിയിച്ചു.

നിയമസഭ നടപടികള്‍ സർക്കാർ ഗില്ലറ്റിന്‍ ചെയ്തതിനെതുടർന്ന്​ സഭാകവാടത്തിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്​.

Tags:    
News Summary - VD Satheesan react to issues in kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.