റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് ആർച്ച് ബിഷപ്പിന്‍റെ പ്രസ്താവനയെന്ന് വി.ഡി സതീശൻ

എറണാകുളം: റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിന്‍റെ പേരിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ സാധിക്കില്ല. വൈകാരിക പ്രസ്താവനയാണ് ആർച്ച് ബിഷപ്പ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് 500 കോടി രൂപയുടെ റബർ വില സ്ഥിരത ഫണ്ട് പൂർണമായി ചെലവാക്കിയിരുന്നു. എന്നാൽ, ഇപ്പോഴും റബർ വില സ്ഥിരത ഫണ്ട് ഉണ്ടെങ്കിലും ചെലവഴിക്കാറില്ല. റബർ കർഷകർക്ക് ഗ്യാരണ്ടിയില്ലെന്നും  സതീശൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാൻസ്വാമി എന്ന വയോധികനാ‍യ പുരോഹിതനെ ജയിലിലിട്ട് കൊന്നവരാണ് മോദി ഭരണകൂടം. രണ്ട് കത്തോലിക്ക പുരോഹിതരും അഞ്ച് ക്രൈസ്തവ പാസ്റ്റർമാരും നിലവിൽ ജയിലിലാണ്. എല്ലായിടത്തും മതപരിവർത്തനം നടത്തുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു.

ഇതിനെതിരെ ക്രൈസ്തവ സഭകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അത് യാഥാർഥ്യമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan react to Mar Joseph pamplany statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.