കെ. റെയിലിന്‍റെ ഡി.പി.ആർ പ്രതിപക്ഷത്തെ പോലെ കോടിയേരിയും കണ്ടിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ. റെയിൽ പദ്ധതിയുടെ ഡി.പി.ആര്‍ പോലും കാണാതെയാണ് പ്രതിപക്ഷം സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നതെന്ന സി.പി.എം വാദം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി.പി.ആര്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നതാണ് ഞങ്ങളുടെ ചോദ്യം. ഡി.പി.ആര്‍ പുറത്തുവിടുകയോ സര്‍വെ നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്യാതെ എന്തിനാണ് സ്ഥലം ഏറ്റെടുക്കാന്‍ ഇത്ര ധൃതി കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രോജക്ട് പോലും തയാറാക്കുന്നതിന് മുന്‍പ് വിദേശ കമ്പനികളുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരെ ആരെയാണ് ചുമതലപ്പെടുത്തിയത്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡി.പി.ആര്‍ കണ്ടിട്ടില്ല. ആ നിസഹായാവസ്ഥയാണ് അദ്ദേഹം പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രകടിപ്പിച്ചത്. ഇതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇതുവരെ തയാറായിട്ടില്ല. അതിനു പകരം വര്‍ഗീയത കൊണ്ടുവരികയാണ്. കച്ചവടം നടത്താനാണ് ഭൂമി ഏറ്റെടുക്കുന്നത്. കോടികള്‍ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്ന പോലെ സില്‍വര്‍ ലൈനിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുകയാണെന്നും സതീശൻ ആരോപിച്ചു.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. ധാര്‍ഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ അതിനെ ജനാധിപത്യപരമായ രീതിയില്‍ യു.ഡി.എഫ് ചെറുത്ത് തോല്‍പ്പിക്കും. കാര്‍ക്കശ്യം നിറഞ്ഞ നിലപാടാണ് യു.ഡി.എഫിന്‍റേത്. സര്‍ക്കാറിന്‍റെ വാശിയെ ചെറുക്കാനുള്ള ശക്തി കേരളത്തിലെ യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.


ഹൈ സ്പീഡ് റെയില്‍ അശാസ്ത്രീയമാണെന്ന് കണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നു വച്ചിരുന്നു. അതിനു ബദലായി നിലവിലുള്ള റെയില്‍വെ ലൈനുമായി ചേര്‍ന്ന് വളവുകള്‍ നികത്തിയുള്ള ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ ഇതിന് 2000 കോടി രൂപ മാത്രമെ ചെലവ് വരൂ. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സര്‍ക്കാര്‍ മാറിയത്. അല്ലാതെ യു.ഡി.എഫ് ഹൈ സ്പീഡ് കൊണ്ടുവരാന്‍ ശ്രമിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുകയാണെന്ന് പറയുന്നത് തെറ്റാണ്. സര്‍ക്കാറിനും മുഖ്യമന്ത്രിക്കും കോര്‍പറേറ്റ് ആഭിമുഖ്യമാണ്. ഇതൊരു തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്നും വി.ഡി സതീശൻ പറഞ്ഞു.

പൊലീസ് വഴിവിട്ട് സഞ്ചരിക്കുകയാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ എല്ലായിടത്തും ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. മുകളിലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത് താഴെയുള്ളവര്‍ കേള്‍ക്കുന്നില്ല. പൊലീസിന് ഒരു സേനയുടെ സ്വഭാവം നഷ്ടമായി. ജില്ലാ പൊലീസ് സൂപ്രണ്ടുമാരെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതാക്കളാണ്. എല്ലാ തെറ്റായ നടപടികളിലും പാര്‍ട്ടി ഇടപെടുകയാണ്. പാര്‍ട്ടി പറയുന്നവരെയാണ് പൊലീസിലെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത അവസ്ഥയിലാണ് പൊലീസ്.

ഗവര്‍ണര്‍ വി.സിയെ വിളിച്ച് വരുത്തി ആര്‍ക്കെങ്കിലും ഡീലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമ വിരുദ്ധമാണ്. പക്ഷേ ഇവിടുത്തെ യഥാര്‍ഥ പ്രശ്‌നം അതല്ല. ഗവര്‍ണര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാരും സര്‍വകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണ്? സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാറിന്‍റെ വഴിവിട്ട ഇടപെടലുകള്‍ ആദ്യം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂര്‍ വി.സി നിയമനത്തില്‍ തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ തെറ്റ് തിരുത്തണം. വി.സി രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണര്‍ പുറത്താക്കാന്‍ തയാറാകണം. വി.സിയുടെ പുനര്‍നിയമനം ശരിയാണെന്നാണ് വി.സി അദ്യം ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വീണ്ടും തിരുത്തി പറയേണ്ടി വരുമെന്നതിനാലാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡീലിറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. തെറ്റുപറ്റിയെന്ന് പറയുന്ന ഗവര്‍ണര്‍ അത് തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്.

കോവിഡിന്‍റെ മറവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നടന്നത് വന്‍കൊള്ളയാണ്. അത് ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം കെട്ടിവെക്കാനുള്ളതല്ല. മന്ത്രിമാര്‍ അവാര്‍ഡ് വാങ്ങിക്കാന്‍ മാത്രമുള്ളവരാണോ? എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങള്‍ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രിക്ക് ഈ കൊള്ളയെ കുറിച്ച് അറിയിഞ്ഞില്ലേ? അറിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്? രാഷ്ട്രീയ നേതൃത്വത്തിനും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ഉന്നതര്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ട്. ഇടനിലക്കാരായ ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan says Kodiyeri has never seen the DPR of K Rail like the opposition]

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.