മർദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ശ്രമമെന്ന് വി.ഡി സതീശൻ

കൊച്ചി: മര്‍ദ്ദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് മർദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മർദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മർദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കൈയിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്.

പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമീഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ല. സി.ഐയെ രക്ഷിക്കാന്‍ ജില്ലയിലെ സി.പി.എം നേതൃത്വം സജീവമായുണ്ട്. വഴിയെ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്നും സതീശൻ ചോദിച്ചു.

കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan says that CPM is trying to save Tripunithura CI who was a martyr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.