'ഇനിയൊരു വിഭാഗീയതക്ക് കോൺഗ്രസിന് ആരോഗ്യമില്ല'; തരൂരിന് മറുപടിയുമായി വി.ഡി സതീശൻ

തിരുവനന്തപുരം: ഏത് ഉന്നതനാണെങ്കിലും സംസ്ഥാന കോൺഗ്രസിൽ വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം വളരെ വ്യക്തമായി കെ.പി.സി.സി അധ്യക്ഷൻ തന്നെ പറഞ്ഞിട്ടുണ്ട്. അധ്യക്ഷന്‍റെ വാക്കുകൾ വീണ്ടും ആവർത്തിക്കുകയാണ്. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ കോൺഗ്രസിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.

കോൺഗ്രസിൽ സമാന്തര പ്രവർത്തനങ്ങൾ നടക്കന്നുവെന്ന തരത്തിലാണ് വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിരന്തരം വാർത്തകൾ വരുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് പല മാധ്യമങ്ങളുടേയും തലക്കെട്ടുകൾ.

കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താനും തകർക്കാനുമുള്ള അജണ്ടയാണ് നടക്കുന്നത്. അത്തരം അജണ്ടകൾ വെച്ച് പൊറുപ്പിക്കുന്ന പ്രശ്നമില്ല. കോൺഗ്രസിനെ ദുർബലമാക്കാനുള്ള നീക്കം മാധ്യമങ്ങളടക്കം ആര് നടത്തിയാലും സമ്മതിക്കില്ല. ഇനിയൊരു വിഭാഗീയതക്ക് കോൺഗ്രസിന് ആരോഗ്യമില്ലെന്നും സതീശൻ വ്യക്തമാക്കി.

Full View

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഊതിവീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ സ്ഥലം എം.പിയായ ശശി തരൂർ പങ്കെടുത്തോയെന്ന് മാധ്യമങ്ങൾ പരിശോധിക്കൂവെന്ന് സതീശൻ പറഞ്ഞു. കെ സുധാകരന്‍റെ ഇല്ലാത്ത കത്ത് മാധ്യമങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്.

എല്ലാവരുമായി ആലോചിച്ചിട്ടാണ് സംഘടനാ കാര്യങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ തീരുമാനങ്ങൾ എടുക്കുന്നത്. മുഴുവൻ പേരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകും. ഘടകക്ഷി നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കോർപറേഷൻ കത്ത് വിവാദത്തിൽ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ്യരാക്കിയെന്ന് സതീശൻ കുറ്റപ്പെടുത്തി. സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ഫോണിലൂടെയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പാർട്ടി തന്നെ അന്വേഷണ ഏജൻസിയാകുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങളിൽ യു.ഡി.എഫ് സമരത്തിലേക്ക് നീങ്ങുകയാണെന്നും വി.ഡി. സതീശൻ അറിയിച്ചു.

Tags:    
News Summary - VD Satheesan will not allow sectarian and parallel activities in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.