പിഴയൊടുക്കാത്ത വാഹനങ്ങള്‍ക്ക് സേവന നിഷേധം: ചട്ട ഭേദഗതി റദ്ദാക്കി

കൊച്ചി: വാഹന നികുതിയും ശിക്ഷാ നടപടിയുടെ ഭാഗമായ പിഴയും ഒടുക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ നല്‍കേണ്ടതില്ളെന്ന കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ ഭേദഗതി ഹൈകോടതി റദ്ദാക്കി. അവ്യക്തതയും അപൂര്‍ണതയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ഭേദഗതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ ഭേദഗതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

പിഴത്തുക നിശ്ചയിച്ചതിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ച് ബലമായി പിഴയടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം.  എന്നാല്‍, ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ വാഹനങ്ങള്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട തുക അടക്കാന്‍ ചില വാഹന ഉടമകള്‍ തയാറാകുന്നില്ളെന്നും അതിനാല്‍ സര്‍ക്കാറിന് വന്‍ വരുമാന നഷ്ടമുണ്ടാകുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ നഷ്ടം കുറക്കാനാണ് ഭേദഗതിയെന്നും വിശദീകരണം നല്‍കി.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ചുമത്തുന്ന പിഴ അടക്കാതെ സര്‍ക്കാറിന്‍െറ സേവനങ്ങള്‍ അനുവദിക്കരുതെന്ന് ചട്ടത്തിലെ സബ് റൂള്‍ രണ്ടിലാണ് ഭേദഗതി കൊണ്ടുവന്നത്. ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍  നല്‍കേണ്ടതില്ളെന്ന് പറയുന്നുണ്ടെങ്കിലും ഏതൊക്കെ സേവനങ്ങളാണ് നിഷേധിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ളെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ചട്ടത്തില്‍ വ്യക്തതയില്ളെങ്കില്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ കോടതി ഭേദഗതി റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - vehicle law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.