തിരുവനന്തപുരം: ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് 13,288 രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബൊലി സെക്രട്ടറി സ്വകാര്യ യാത്രക്കായി ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് സ്ക്വഡ് പരിശോധന നടത്തിയത്.
വാഹനത്തിന്റെ ലോഗ് ബുക്ക്, ഇന്ധന രജിസ്റ്റർ എന്നിവ പരിശോധിച്ചതിൽ അനൗദ്യോഗിക യാത്രകൾക്ക് വാഹനം ഉപയോഗിച്ചുവെന്ന് കണ്ടെത്തി. അങ്ങനെ 1208 ലോമീറ്റർ ഉപയോഗിച്ചതിന്റെ തുകയായ 13,288 രൂപ വാഹനത്തിന്റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയായ ഷേർളി ജോണിൽ നിന്ന് ഈടാക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന കർശന നിർദേശവും പഞ്ചായത്ത് സെക്രട്ടറിക്ക് ഭരണവകുപ്പ് നൽകണം. വാഹനത്തിന്റെ ഇന്ധനക്ഷമത പരിശോധന പൊതുമരാമത്ത് മെക്കാനിക്കൽ അസി.എഞ്ചിനീയർ നടത്തി സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ലോഗ് ബുക്കിൽ ഒരോ മാസത്തെ ഇന്ധന ഉപഭോഗവും യാത്ര ചെയ്ത ദൂരവും സംബന്ധിച്ച് സംക്ഷിപ്ത കുറിപ്പ് എഴുതേണ്ടതാണെന്ന നിർദേശം ഭരണവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ലോക് ഡൗൺ കാലത്ത് പൊതുഗതാഗത സൗകര്യം ഇല്ലാതിരുന്നതിനാൽ ഒദ്യോഗിക വാഹനം ഉപയോഗിച്ചത് അംഗീകരിക്കാമെങ്കിലും അതിന് ശേഷം പൊതുഗതാഗത സൗകര്യം ലഭ്യമായി സമയത്തും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണ്.
ധനകാര്യവകുപ്പിന്റെ സർക്കുലർ പ്രകാരം ഇന്ധനക്ഷമത ടെസ്റ്റ് എല്ലാവർഷവും കൃത്യ സമയത്ത് നടത്തേണ്ടതാണ്. സർട്ടിഫിക്കറ്റ് ലോഗ് ബുക്കിൽ പതിപ്പിച്ചിരിക്കണമെന്ന നിർദേശവും പഞ്ചായത്ത് സെക്രട്ടറി പാലിച്ചിട്ടില്ല. യാത്ര ചെയ്ത ദൂരത്തെ സംബന്ധിച്ചും സംരക്ഷിപ്ത കുറിപ്പ് ലോഗ് ബുക്കിൽ ഓരോ മാസവും അവസാനത്തെ ദിവസം രേഖപ്പെടുത്തണം. എന്നാൽ, ഗ്രാമപഞ്ചായത്തിലെ ലോഗ് ബുക്കിൽ ഇക്കാര്യത്തിൽ രേഖപ്പെടുത്തൽ ഇല്ല.
നിയമലംഘനം നടത്തിയതിനാൽ തുക സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നാണ് ധനകാര്യ പരിശോധനാ വിഭാത്തിന്റെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.