മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും സി.പി.എം നില മെച്ചപ്പെടുത്തി. ചുരുക്കം വാർഡുകളിലൊഴിച്ച് ഗണ്യമായ വോട്ടുവർധനയുണ്ടായതായാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ലീഗ് ശക്തികേന്ദ്രമായ വേങ്ങര പഞ്ചായത്തിൽ 30 ബൂത്തുകളിലും ഇടതിന് വോട്ടുകൂടി. യു.ഡി.എഫിന് മേൽക്കെ ഉണ്ടായിരുന്ന രണ്ട് ബൂത്തുകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. ഒന്നാം വാർഡ് കൊളപ്പുറം ആസാദ് നഗറിലെ 72ാം നമ്പർ ബൂത്തിലും ഏഴാം വാർഡ് ഗാന്ധിക്കുന്നിലെ 85ാം നമ്പർ ബൂത്തിലുമാണ് എൽ.ഡി.എഫ് ലീഡ് ചെയ്തത്. 11ാം വാർഡ് ചുള്ളിപറമ്പിലും എൽ.ഡി.എഫിന് ഗണ്യമായ വോട്ട് വർധനയുണ്ട്. പഞ്ചായത്തിൽ യു.ഡി.എഫിന് ആകെ മൂവായിരത്തോളം വോട്ടുകൾ കുറഞ്ഞു.
ബി.ജെ.പി രണ്ടാമതുണ്ടായിരുന്ന കൂരിയാട് ബൂത്തിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൂരിയാടും വേങ്ങര ടൗണിനോട് ചേർന്ന ബൂത്തിലും എസ്.ഡി.പി.െഎയുടെ വോട്ടുകളിൽ വർധനയുണ്ട്. പറപ്പൂർ പഞ്ചായത്തിലെ 22 ബൂത്തുകളിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. മൂന്ന് ബൂത്തുകളിൽ ഇടതിന് മേൽക്കൈയുണ്ട്. ഇല്ലിപുലാക്കൽ (101), തെക്കേകുളമ്പ് (115), മുണ്ടോത്തുപറമ്പ് (121) എന്നിവിടങ്ങളിലാണ് ലീഡ് നേടിയത്. യു.ഡി.എഫിന് 200 മുതൽ 250 വരെ വോട്ടിെൻറ ലീഡുണ്ടായിരുന്ന ബൂത്തുകളിൽ മിക്കതിലും ലീഡ് 50 മുതൽ 40 വരെയായി ചുരുങ്ങി. കഴിഞ്ഞ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 5757 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിെൻറ പറപ്പൂരിലെ ലീഡ് 3234 ആയി ചുരുങ്ങിയതായാണ് സി.പി.എം വിലയിരുത്തൽ. 2016ൽ 5447 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫ് ഇത് 6934 ആയി ഉയർത്തി. പുഴച്ചാൽ എടയാട്ടുപറമ്പ് 100ാം നമ്പർ ബൂത്തിൽ ബി.ജെ.പി വോട്ടുകളിൽ ഗണ്യമായ കുറവുണ്ട്.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 26 ബൂത്തിലും 50 മുതൽ 100 വരെ വോട്ട് കൂടിയതായി എൽ.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. യു.ഡി.എഫിന് ലീഡുണ്ടായിരുന്ന നാല് ബൂത്തുകളിൽ എൽ.ഡി.എഫ് മേധാവിത്തം നേടി. മുനമ്പത്ത്, കുരുണിയൻപറമ്പ്, ആട്ടീരി എന്നിവിടങ്ങളിലെ 131, 132, 133, 145 ബൂത്തുകളാണ് ഇടതിനൊപ്പമായത്. കൊളത്തുപറമ്പ് 129ാം ബൂത്തിൽ എൽ.ഡി.എഫ് ലീഡ് നിലനിർത്തി. കണ്ണമംഗലം പഞ്ചായത്തിൽ ആകെ 1195 വോട്ടിെൻറ വർധനയുണ്ടായതായി പാർട്ടികേന്ദ്രങ്ങൾ പറയുന്നു. വട്ടപൊന്ത 49ാം ബൂത്തിൽ ഏഴ് വോട്ടിെൻറ ലീഡ് എൽ.ഡി.എഫ് നേടി. 25 ബൂത്തിലും എൽ.ഡി.എഫ് നിലമെച്ചപ്പെടുത്തി. 40 മുതൽ 75 മുതൽ വോട്ടിെൻറ വർധനയുണ്ട്. 4011 വോട്ടിെൻറ ലീഡാണ് നിലവിൽ യു.ഡി.എഫിന് പഞ്ചായത്തിലുള്ളത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ലീഡ് 5740 ആയിരുന്നു. കണ്ണമംഗലത്ത് 2016ൽ 581 വോട്ടുണ്ടായിരുന്ന എസ്.ഡി.പി.െഎ ഇത് 1628 ആയി ഉയർത്തി.
2016ൽ 1506 വോട്ടുനേടിയ ബി.ജെ.പിയുടെ വോട്ട് 1322 ആയി ചുരുങ്ങി. ഉൗരകം ഗ്രാമപഞ്ചായത്തിൽ 20 ബൂത്തുകളിൽ എൽ.ഡി.എഫ് വോട്ടുകൾ കൂടി. പുള്ളിക്കല്ല് (60), നെല്ലിപറമ്പ് (61) ബൂത്തുകളിൽ ഇടതുമുന്നണി മേൽക്കൈ നേടി. ബി.ജെ.പിക്ക് പഞ്ചായത്തിൽ 150 വോട്ടുകളോളം കുറഞ്ഞു. ഉൗരകം യാറംപടിയിലെ 55, 56 ബൂത്തുകളിൽ എസ്.ഡി.പി.െഎ വോട്ടിൽ വർധനയുണ്ട്. എ.ആർ നഗർ പഞ്ചായത്തിലെ 24 ബൂത്തുകളിൽ എട്ടാം ബൂത്തിലൊഴിച്ച് എൽ.ഡി.എഫിന് വോട്ടു വർധനയുണ്ട്. നാലു ബൂത്തുകളിൽ എൽ.ഡി.എഫ് മേൽക്കൈ നേടി. ചെണ്ടപുറായ (13, 14), കൊളപ്പുറം(19, 21) ബൂത്തുകളാണ് ഇടതിനെ തുണച്ചത്. പുകയൂർ, കൊടുവായൂർ എന്നിവിടങ്ങളിൽ ബി.ജെ.പി വോട്ടിൽ കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.