വൈദികന്‍െറ വിദേശ ഇടപാട് അന്വേഷിക്കുന്നു

കൊട്ടിയൂര്‍ (കണ്ണൂര്‍): പീഡനക്കേസില്‍ അറസ്റ്റിലായ വൈദികന്‍െറ വിദേശബന്ധം അന്വേഷിക്കുന്നതിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്ന് പൊലീസ്.
ഇതുസംബന്ധിച്ച് ശേഖരിച്ച വിവരങ്ങള്‍ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ക്ക് കൈമാറി. ഉന്നത ബന്ധങ്ങളുള്ള വൈദികന്‍ പ്രതിയായ കേസ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദമാകാന്‍ ഇടയുള്ള സാഹചര്യത്തില്‍, പെട്ടെന്ന് അറസ്റ്റ് നടത്തിയതിന് കണ്ണൂര്‍ പൊലീസിനെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചതായി അറിയുന്നു.

ഉന്നത ബന്ധമുള്ള പ്രതി വിദേശത്തേക്ക് മുങ്ങിയിരുന്നുവെങ്കില്‍ നിയമസഭ നടക്കുമ്പോള്‍ ഏറെ കോളിളക്കത്തിനിടയാക്കുമായിരുന്നു. പൊലീസിന്‍െറ ജാഗ്രവത്തായ നടപടിയാണ് ഇതിന് തടയിട്ടത്. ചാനലിന്‍െറയും പത്രത്തിന്‍െറയും ഷെയര്‍ വാങ്ങി, രാഷ്ട്രീയ മേഖലയില്‍ പിടിപാടുണ്ടായിരുന്ന പ്രമുഖ വ്യവസായിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വൈദികനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന തരത്തില്‍ ആരോപണമുയരുന്ന സാഹചര്യമാണ് പഴുതടച്ച നടപടികളിലൂടെ പൊലീസ് ഇല്ലാതാക്കിയത്.

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സംബന്ധിച്ച് ആദ്യം മറ്റൊരു യുവാവിന്‍െറ പേരും പിന്നീട് സ്വന്തം പിതാവിനെതിരെയും ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംശയത്തെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. അതിനിടയില്‍തന്നെ പ്രതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉന്നതങ്ങളില്‍ ഇടപെട്ട് പൊലീസ് കേസെടുക്കാതിരിക്കാന്‍ നീക്കം നടത്തി. പക്ഷേ, പെണ്‍കുട്ടി പ്രസവിച്ചതും പ്രായപൂര്‍ത്തിയാവാത്തതും വ്യക്തമായ തെളിവായി നിലനില്‍ക്കെ കേസ് ഒതുക്കാന്‍ കഴിയാതായി. വൈദികനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതോടെയാണ് പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന വിവരം പൊലീസിന് കിട്ടിയത്.

പ്രതിയും വ്യവസായിയും തമ്മിലും ഇവരുടെ രാഷ്ട്രീയ ബന്ധവും പരസ്പരം കൂട്ടിവെച്ച് വിവാദം തിളച്ചുമറിയുമെന്ന് അറിഞ്ഞ പൊലീസ് സംസ്ഥാനമാകെ അലര്‍ട്ട് പുറപ്പെടുവിച്ചു. 26ന് പെണ്‍കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയും തുടര്‍ന്ന് കേസെടുത്ത പൊലീസ് മൂന്ന് ഗ്രൂപ്പുകളായി പ്രതിക്കുവേണ്ടി വലവീശുകയും ചെയ്തു.

പെണ്‍കുട്ടിക്കും കുഞ്ഞിനും പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്തി. സൈബര്‍ സെല്ലിന്‍െറ വിദഗ്ധമായ നടപടികളിലൂടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പിന്തുടര്‍ന്നാണ് നാല് മണിക്കൂറിനുശേഷം, നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈ വഴി കാനഡയിലേക്ക് പറക്കാനിരുന്ന വൈദികനെ പിടികൂടിയത്.
വിമാനത്താവളങ്ങളില്‍ മുഴുവന്‍ വൈദികന്‍െറ ചിത്രവും സന്ദേശവും നല്‍കിയിരുന്നു. കേസെടുത്ത് മൊഴി രേഖപ്പെടുത്തി പിറ്റേന്ന് ഉച്ചയോടെ പ്രതിയെ പിടികൂടാനായത് പൊലീസിന്‍െറ മികവാണ്.  

വിസ അടിക്കാന്‍ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കിയ പാസ്പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ വിദേശയാത്രയുടെ വിവരങ്ങള്‍ കിട്ടും. നിരവധി തവണ വൈദികന്‍ കാനഡയിലേക്ക് പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവകയുടെ വിദ്യാഭ്യാസ കോര്‍പറേറ്റ് മാനേജ്മെന്‍റിന്‍െറ പേരിലാണ് വിദേശയാത്രകള്‍ നടത്താറ്.

Tags:    
News Summary - vicar robin wadakkanchery RAPE CASE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.