വൈത്തിരി: കെട്ടിടനിർമാണത്തിനുള്ള അപേക്ഷയോടൊപ്പം വൈത്തിരി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. കോഴിക്കോട് ഉള്ള്യേരി സ്വദേശിയും തരിയോട് വില്ലേജ് ഓഫിസിലെ അസിസ്റ്റന്റുമായ ടി. അശോകനെ (51) ആണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹം വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫിസിൽ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. നേരത്തേ കോഴിക്കോട് കൊടുവള്ളി ഒറ്റക്കണ്ടത്തിൽ വീട്ടിൽ അബ്ദുൽ സത്താർ, ജംഷിറ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും വൈത്തിരി താലൂക്ക് തഹസിൽദാരുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ കെ.എൽ.ആർ സമർപ്പിച്ചവർക്കെതിരെ അടിയന്തരമായി കേസ് ഫയൽ ചെയ്യാൻ സബ് കലക്ടർ നൽകിയ നിർദേശത്തെ തുടർന്നാണ് വൈത്തിരി പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയത്.
കഴിഞ്ഞ ജൂണിലാണ് കെട്ടിട നിർമാണത്തിനായി സമർപ്പിച്ച അപേക്ഷയോടൊപ്പം വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. രണ്ട് അപേക്ഷകളാണ് തഹസിൽദാർ നല്കിയതായുള്ള കെട്ടിട നിർമാണ അനുമതിക്കുള്ള കെ.എൽ.ആർ സർട്ടിഫിക്കറ്റടക്കം പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എത്തിയത്. കെ.എൽ.ആർ സർട്ടിഫിക്കറ്റിൽ പതിച്ച സീലിെൻറ വലുപ്പ വ്യത്യാസവും മുൻ തഹസിൽദാരുടെ ഒപ്പിലെ വ്യത്യാസവും കണ്ടെത്തിയ സെക്രട്ടറി സൂക്ഷ്മപരിശോധനക്കായി താലൂക്ക് ഓഫിസിലേക്ക് അയച്ചു. തുടർന്നുള്ള പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയത്. രജിസ്റ്റർ ചെയ്ത രണ്ടു കേസിലും അശോകനാണ് ഒന്നാം പ്രതി.
കേസുമായി ബന്ധപ്പെട്ടു നേരത്തേ രണ്ടു റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.