കോട്ടയം: ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലിയാവശ്യപ്പെട്ട വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫിസര്‍ കോട്ടയം മറ്റക്കര വാണിയംപുരയിടം ജേക്കബ് തോമസിനെയാണ് (40) വിജിലന്‍സ് സംഘം പിടികൂടിയത്. പരാതിക്കാരനിൽനിന്ന് 15,000 വാങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് ഇയാൾ കുടുങ്ങിയത്.
ആനിക്കാട് പെരുമ്പാറ സ്വദേശി എബ്രഹാം ജോൺ തനിക്ക് പട്ടയം കിട്ടിയ ആനിക്കാട് വില്ലേജിൽപെട്ട 17 സെന്‍റ് സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിന് വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. അപേക്ഷകൻ നിരന്തരം ബന്ധപ്പെട്ടതോടെ വില്ലേജ് ഓഫിസര്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് നിർദേശപ്രകാരം വെള്ളിയാഴ്ച ഓഫിസിലെത്തിയ പരാതിക്കാരൻ 15,000 രൂപ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി. വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൗഡര്‍ ഇട്ടുനല്‍കിയ നോട്ടുകളായിരുന്നു ഇത്. ജേക്കബ് തോമസില്‍നിന്ന് പണവും കണ്ടെടുത്തു. ശനിയാഴ്ച വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.