തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയിൽ കണ്ട ഏങ്ങണ്ടിയൂർ സ്വദേശി വിനായകിന് നേരെയുണ്ടായത് മൂന്നാംമുറ. റിപ്പോർട്ട് പരിശോധിച്ചാൽ പൊലീസ് ക്രൂരമായി മർദിച്ചതായി വ്യക്തമാണെന്ന് ഫോറൻസിക് വിദഗ്ധൻ ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. അതേസമയം, പരിക്കുകളെ സംബന്ധിച്ച് വിശദീകരണങ്ങളും അഭിപ്രായങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തത് സംശയകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പൂർണ വിശദാംശങ്ങളോടെ വേണമെന്നിരിക്കെ അപൂർണമാക്കിയത് പരിശോധിക്കണം. 19 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന് നേരെ, ഏതെങ്കിലും കേസിൽ പരാതിയോ, ആക്ഷേപമോ, കേസുകളോ, ഇല്ലാതിരിക്കെ സംശയത്തിെൻറ പേരിൽ കസ്റ്റഡിയിലെടുത്ത് മർദിച്ചതുതന്നെ സംശയകരമാണ്.
പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച 19കാരൻ വിനായകിെന അച്ഛനെ വിളിച്ചു വരുത്തി പറഞ്ഞയച്ചുവെന്ന പൊലീസിെൻറ വാദങ്ങളെ നിരാകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
റിപ്പോർട്ട് വരും മുമ്പുതന്നെ വിനായകിനെ ക്രൂരമായി മർദിച്ചതും മുടി പിഴുതെടുക്കാൻ ശ്രമിച്ചതും കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. മകൻ അവശനായിരുന്നുവെന്ന് പിതാവും പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങളെ പൊലീസ് നിഷേധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനായകിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തലക്കും നെഞ്ചിലും മർദനമേറ്റതിെൻറയും കാലിൽ ബൂട്ടിട്ട് ചവിട്ടിയതിെൻറ പാടുകളും ഉണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ശരീരമാസകലം പരിക്കേറ്റതിെൻറ ലക്ഷണങ്ങളുണ്ട്. തലമുടി പിഴുതെടുത്തത് വ്യക്തമാണ്. കഴുത്തിൽ കുത്തിപ്പിടിച്ച് ഞെരിച്ച അടയാളങ്ങളുണ്ട്. മുൻഭാഗത്ത് 23 സെൻറീമീറ്റർ നീളത്തിലുള്ള ക്ഷതം ഇത് വ്യക്തമാക്കുന്നു. കഴുത്തിന് പിന്നിൽ 16 സെ.മീ നീളത്തിൽ അടിയേറ്റ പാടുണ്ട്. നെഞ്ചിലേറ്റ ഇടി ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്.
ഹെയർ ബ്യൂട്ടീഷ്യനായ വിനായക് മുടി നീട്ടി വളർത്തിയതാണ് മർദന കാരണമെന്നാണ് സുഹൃത്ത് ശരത്തും സ്റ്റേഷനിൽ എത്തിയ അച്ഛൻ കൃഷ്ണനും പറഞ്ഞത്. ആരോപണ വിധേയരായ സി.പി.ഒ ശ്രീജിത്ത്, സീനിയർ സി.പി.ഒ സാജൻ എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിനായകിനെ കസ്റ്റഡിയിലെടുത്തത് ഇവരാണ്. സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ ഗൺമാനായിരുന്നു ശ്രീജിത്ത്. കഴിഞ്ഞ പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് കോൺഗ്രസ് അനുകൂല സംഘടനക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ശ്രീജിത്തും സാജനും മാത്രമല്ല സ്റ്റേഷനിലെ മറ്റു പൊലീസുകാരും മർദിച്ചിട്ടുണ്ടെന്നാണ് പൊലീസുകാർ നൽകുന്ന സൂചന. ഇടത് സർക്കാറിെൻറ കാലത്ത് ദലിത് വിഭാഗക്കാരന് നേരെ പൊലീസിെൻറ ക്രൂരമർദനമുണ്ടായത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ജില്ലയിൽ ഇത് രണ്ടാംതവണയാണ് മുടി നീട്ടി വളർത്തിയതിന് പൊലീസ് ക്രൂരമർദനം നടത്തുന്നത്. നേരത്തെ പ്രമുഖ നാടക നടനും ഊരാളി ബാൻഡംഗവും അരിമ്പൂർ സ്വദേശിയുമായ മാർട്ടിന് നേരെയും മുടിയെ ചൊല്ലി മർദനമുണ്ടായത് ഏറെ വിവാദമായിരുന്നു. നടന്നു പോവുന്ന മാർട്ടിനെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.