പന്തളം: ശബരിമലയിൽ തീർഥാടകരെ നിയന്ത്രിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് സർക്കാർ വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നതെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും സർക്കാറും ദേവസ്വം ബോർഡും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികൾ കഴിഞ്ഞദിവസം പന്തളം കൊട്ടാരത്തിലാണ് യോഗം ചേർന്നത്. കുറെ വർഷങ്ങളായുള്ള തീർഥാടകരുടെ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമലയിൽ കാലാനുസൃത പരിഷ്കാരങ്ങൾ അനിവാര്യമാണ്. എന്നാൽ, ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം.
കോവിഡ് മഹാമാരിയുടെ സമയത്ത് ഏർപ്പെടുത്തേണ്ടിവന്ന ചില നിയന്ത്രണങ്ങളുടെ മറപിടിച്ച് ശബരിമലയിൽ തീർഥാടകരെ നിയന്ത്രിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർഥത്തിൽ ഭക്തരുടെ വിവരശേഖരണമാണ് സർക്കാർ ലക്ഷ്യം. നിരവധി ഭക്തർ ദിവസങ്ങളും മാസങ്ങളുമെടുത്ത് കാൽനടയായി വ്രതശുദ്ധിയോടെ ശബരിമലയിലേക്ക് വരാറുണ്ട്. കാലാവസ്ഥയും മറ്റ് അസ്വസ്ഥതകളും ഗതാഗതസംവിധാനങ്ങളിലെ പ്രശ്നങ്ങളും കാരണം വെർച്വൽ ക്യൂ ബുക്ക് ചെയ്ത സമയത്തുതന്നെ എത്തിപ്പെടാൻ സാധിക്കില്ല.
ഇത്തരത്തിലുള്ള ഭക്തരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കരുത്. തീർഥാടനം സുഗമമാക്കേണ്ടത് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. ഏതാനും വർഷങ്ങളായി തീർഥാടനം നിയന്ത്രിക്കുന്നത് പൊലീസാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇതിന്റെ ഭാഗമായി നവംബർ 16ന് പന്തളം തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും 26ന് വൈകീട്ട് മൂന്നിന് ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അയ്യപ്പഭക്ത സംഘടനകളുടെയും ക്ഷേത്ര ഭാരവാഹികളുടെയും യോഗം ചേരാനും തീരുമാനമായി.
അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനംചെയ്തു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ. ശങ്കർ വർമ അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറി പി.എൻ. നാരായണ വർമ, ആചാര സംരക്ഷണസമിതി സെക്രട്ടറി ജി. പൃഥ്വിപാൽ, അയ്യപ്പസേവാ സംഘം സംസ്ഥാന പ്രസിഡന്റ് നരേന്ദ്രൻ നായർ, കൊട്ടാരം നിർവാഹക സംഘം ട്രഷറർ ദീപ വർമ, ആചാര സംരക്ഷണ സമിതി അംഗം എം.ബി. ബിനുകുമാർ, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിൽ, ഹരിഹരപുത്ര സേവാസംഘം ജനറൽ സെക്രട്ടറി അനിൽ വാത്തിക്കുളം, കൊട്ടാരം നിർവാഹകസംഘം വൈസ് പ്രസിഡന്റ് അരുൺ വർമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.