കൊച്ചി: 1956ൽ എറണാകുളം മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിച്ചു ജയിച്ചതാണ് വിശ്വനാഥ മേനോെൻറ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ തുടക്കം. 1967ൽ എറണാകുളത്തുനിന്ന് സിറ്റിങ് എം.പി എം.എം. തോമസിനെ തോൽപ്പിച്ച് ലോക്സഭയിലെത്തി. 1987ൽ തൃപ്പൂണിത്തുറയിൽനിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ജയിച്ച് നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയുമായി. മാർട്ടിൻ ലൂതർ കിങിെൻറ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രശസ്തമായ പ്രസംഗം ഉദ്ധരിച്ചായിരുന്നു ആദ്യ ബജറ്റ് പ്രസംഗം.
മന്ത്രിയായിരിക്കെയുള്ള ഒരു അനുഭവം വിശ്വനാഥ മേനോൻ ഇങ്ങനെ കുറിച്ചിട്ടുണ്ട്: ‘ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി ഞാൻ പത്രാധിപൻമാരുടെ യോഗം വിളിച്ചു. കോളജിൽ സഹപാഠിയും സഹപോരാളിയും സമരത്തെത്തുടർന്ന് എന്നെപ്പോലെ പുറത്താക്കപ്പെട്ടയാളുമായ പി.കെ. ബാലകൃഷ്ണൻ ‘മാധ്യമ’ത്തിെൻറ പ്രതിനിധിയെന്ന നിലയിൽ യോഗത്തിനെത്തിയിരുന്നു. ബാലൻ എല്ലാവർക്കും പിറകിൽ നിശ്ശബ്ദനായി ഇരുന്നതേയുള്ളൂ. മുന്നിൽ വന്നിരിക്കാൻ ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല. ചർച്ചകളിലും പെങ്കടുത്തില്ല. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ബാലൻ എെൻറയടുത്ത് വന്ന് പറഞ്ഞു: എന്നെങ്കിലും ഇങ്ങനെ കാണാനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. സന്തോഷമുണ്ട്. ധൈര്യമായി മുന്നോട്ടുപോവുക. പിന്നീട് ബാലനെ ഞാൻ കണ്ടിട്ടില്ല’.
മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം പാർട്ടിക്ക് വേണ്ടത്ര തൃപ്തികരമായിരുന്നില്ല. 1991ൽ എം.എം. ലോറൻസിന് നിയമസഭ സീറ്റ് വിട്ടുകൊടുത്ത് എറണാകുളത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ പാർട്ടി നിർദേശിച്ചപ്പോൾ ശിരസാ വഹിച്ചു. വിജയിക്കാനായില്ല. ‘96ൽ മുകുന്ദപുരത്തും തോൽവി ആവർത്തിച്ചു. വിശ്വനാഥമേനോെൻറ പാർട്ടി പ്രവർത്തനങ്ങളിലും നേതൃത്വത്തിന് അതൃപ്തി തോന്നിത്തുടങ്ങി. പാലക്കാട് സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തായി. ജില്ല കമ്മിറ്റിയംഗമായി തുടർന്നെങ്കിലും യോഗങ്ങളിൽ പെങ്കടുക്കാതായി. കാരണം പാർട്ടി അന്വേഷിച്ചുമില്ല. 2000 ഫെബ്രുവരി 28ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ വാർഷികം ആചരിക്കാൻ വിമതരും വിമർശകരും സംഘടിപ്പിച്ച ചടങ്ങിൽ പെങ്കടുത്തതിന് പാർട്ടി വിശദീകരണം ചോദിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാർട്ടി അംഗത്വം പുതുക്കിക്കൊടുത്തില്ല. 2003ൽ എറണാകുളം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ കെ.വി. തോമസും എൽ.ഡി.എഫ് സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളും ഏറ്റുമുട്ടിയപ്പോൾ സി.പി.എം വിമത സ്ഥാനാർഥിയായി.
ബി.ജെ.പിയുടെ പിന്തുണയും വിശ്വനാഥ മേനോന് ലഭിച്ചു. സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള സി.പി.എം നീക്കത്തോട് യോജിപ്പില്ലെന്നായിരുന്നു വിശ്വനാഥമേനോെൻറ വിശദീകരണം. അപ്പോഴും പാർട്ടിയുമായി തന്നെ ബന്ധിപ്പിച്ചിരുന്ന ടി.കെ. രാമകൃഷ്ണനും എം.എം. ലോറൻസും ആവുന്നത്ര ശ്രമിച്ചിട്ടും തീരുമാനത്തിന് മാറ്റമുണ്ടായില്ല.
ജീർണിച്ച കമ്യൂണിസ്റ്റാണ് വിശ്വനാഥമേനോൻ എന്ന് പിണറായി വിജയെൻറ ആക്ഷേപത്തിലും അദ്ദേഹം കുലുങ്ങിയില്ല. ബി.ജെ.പി, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ഹിന്ദു െഎക്യവേദി എന്നിവയുടെയെല്ലാം പിന്തുണ തേടിയെങ്കിലും 51000 വോട്ടാണ് ലഭിച്ചത്. ഒന്നരലക്ഷം വോട്ട് സമാഹരിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചുനൽകി തന്നെ വഞ്ചിച്ചുവെന്ന് പിന്നീട് വിശ്വനാഥമേനോൻ തുറന്നടിച്ചു. അപ്പോഴും സി.പി.എമ്മിനെതിരെ മത്സരിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞില്ല. അധികാരത്തിലുള്ളവരോട് പ്രശ്നത്തിെൻറ അടിസ്ഥാനത്തിൽ പ്രതികരിക്കുക എന്നതാണ് തെൻറ നയമെന്ന നിലപാടിൽ ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.