തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും സംഘർഷാന്തരീക്ഷമുണ്ടാക്കുകയും ചെയ്‌തവരുടെ പട്ടിക പൊലീസ് തയാറാക്കുന്നു. മുന്നൂറോളം പേരുടെ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു.
പുരോഹിതരടക്കമുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. വൈകാതെ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി അനിൽ കാന്തും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമീഷണർ ഹൈകോടതിയിൽ വിശദീകരണവും നൽകിയിരുന്നു. അക്രമത്തിന് പിന്നിൽ പ്ര വർത്തിച്ചവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിർദേശം.
അക്രമവുമായി ബന്ധപ്പെട്ട് 164 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു. ഓരോ കേസും വെവ്വേറെയായി പരിശോധിച്ചാണ് തുടർനടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും പൊലീസ് വാഹനങ്ങളും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളുമടക്കം തകർക്കുകയും ചെയ്തത്.
ഗർഭിണിയടക്കമുള്ള പ്രദേശവാസികൾക്കെതിരെയും കല്ലേറും വധഭീഷണിയുമുണ്ടായിരുന്നു.
കേസുകൾ അന്വേഷിക്കുന്ന പ്രത്യേകസംഘവും സുരക്ഷചുമതലയുള്ള ഉദ്യോഗസ്ഥരും വെവ്വേറെ യോഗങ്ങൾ ചേർന്ന് വിഴിഞ്ഞത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.