ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം വിജയമാണെന്ന് വി.എന്‍ വാസവൻ

കൊച്ചി: ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം വിജയകരമാണെന്ന് മന്ത്രി വി.എന്‍ വാസവൻ. സഹകരണ പ്രസ്ഥാനത്തെ സ്വീകരിക്കാൻ തുറന്ന മനസുമായി ജനങ്ങൾ മുന്നോട്ടുവരുന്ന സാഹചര്യം സൃഷ്ടിക്കാൻ സഹകരണ എക്സ്പോക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറൈൻ ഡ്രൈവിൽ ഒമ്പത് ദിവസമായി നടന്ന ഒരുമയുടെ പൂരം സഹകരണ എക്സ്പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വായ്പ എടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാത്രം ആശ്രയിക്കാൻ കഴിയുന്നതാണ് സഹകരണ മേഖല എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഇത് സഹകരണ മേഖലയുടെ ചുരുങ്ങിയ പ്രവർത്തനം മാത്രമാണ്. 1615 സംഘങ്ങൾ മാത്രമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവ കൂടാതെ 29,200 സംഘങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയിൽ തന്നെ കൂടുതൽ സംഘങ്ങളും ഉത്പാദന മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. മൂന്നു കോടി ജനങ്ങൾ സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലാൻ സഹകരണ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. ഉൽപാദന മേഖലയിലും സംഭരണ, സംസ്കരണ, വിപണ രംഗത്തും വളരെ വിപുലമായ രീതിയിൽ ഇടപെട്ടുകൊണ്ട് തന്നെ സഹകരണ മേഖല മുന്നോട്ട് പോകുന്നു. ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റുൾ കീഴടക്കാൻ വിധത്തിലുള്ള ഉത്പന്നങ്ങൾ സഹകരണ മേഖലയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

വൈവിധ്യമാർന്ന ആശയം ഉൾക്കൊള്ളിച്ച സ്റ്റാളുകൾ കൊണ്ട് സമ്പന്നമായിരുന്നു എക്സ്പോ. ആധുനിക ചികിത്സാരംഗത്ത് മറ്റ് ആശുപത്രികളോട് കിടപിടിക്കപ്പെട്ടു വിധത്തിലുള്ള ന്യൂതന സാങ്കേതികവിദ്യയും വിവിധ ചികിത്സാരീതിയും സഹകരണ ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്നുണ്ട്. മറ്റ് ന്യൂജനറേഷൻ ബാങ്കുകളോട് പൊരുതി നിൽക്കുന്ന വിധത്തിൽ കേരള ബാങ്കിൻ്റെ വളർച്ച. ഇതുപോലെ വിദ്യാഭ്യാസ രംഗത്ത്, മറ്റ് മേഖലകളിൽ ഉൾപ്പെടെ സഹകരണ മേഖലയുടെ ഉയർച്ച വിളിച്ചറിയിക്കുന്ന പ്രവർത്തനങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സഹകരണ എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയാറാക്കിയ 'സഹകരണ എക്സ്പോ 2023 സെമിനാർ പ്രബന്ധ സമാഹരണം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മേയർ എം. അനിൽകുമാറിന് കൈമാറി മന്ത്രി നിർവഹിച്ചു.

മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ മേയർ അഡ്വ. എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - VN Vasavan said that cooperative movement is successful in all spheres of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.