മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി)-സമസ്ത തർക്കം പല കാമ്പസുകളിലും കൈയാങ്കളിയിലെത്തിയിരിക്കെ വാഫി വഫിയ്യ കോഴ്സുകൾ പഠിപ്പിക്കുന്ന കോളജുകൾ ശനിയാഴ്ച തുറക്കും. കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിന് കീഴിലാണ് ഇതിൽ ഭൂരിഭാഗം കോളജുകളും. ഏതാനും കോളജുകൾ സമസ്ത മുൻകൈയെടുത്ത് പിന്നീട് രൂപവത്കരിച്ച എസ്.എൻ.ഇ.സിയിലേക്ക് അഫിലിയേഷൻ മാറ്റിയിട്ടുണ്ട്. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച സി.ഐ.സി കോഴ്സുകൾ നിർത്തലാക്കി സമസ്തയുടെ ദേശീയ വിദ്യാഭ്യാസപദ്ധതി പ്രകാരം പുതിയ സിലബസിൽ കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനം ഉണ്ടായെങ്കിലും സി.ഐ.സി സിലബസ് നിർത്തുന്നതിനോട് ഭൂരിഭാഗം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താൽപര്യമില്ല. തർക്കത്തിനിടയിൽ വിദ്യാർഥികളുടെ ഭാവി അലങ്കോലമാവുന്ന സാഹചര്യമാണുള്ളത്.
ഫീസ് കൊടുത്ത് കോഴ്സിന് ചേർന്ന വിദ്യാർഥികളുടെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്നാണ് പൊതുവായ വിലയിരുത്തൽ. വാഫി വഫിയ കോഴ്സുകൾക്ക് തുടക്കം കുറിച്ച വളാഞ്ചേരി മർകസ് കോളജിൽ കഴിഞ്ഞദിവസം സംഘർഷാവസ്ഥയുണ്ടായി. ഹോസ്റ്റലിൽനിന്ന് വിദ്യാർഥിനികളെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി തവനൂരിലെ മഹിളമന്ദിരത്തിലാക്കി. കോഴ്സ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയിരിക്കെ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന പരാതി വിദ്യാർഥിനികൾ ഉന്നയിച്ചിട്ടുണ്ട്.
തേഞ്ഞിപ്പലത്തിനടുത്ത തൻവീർ വാഫി കോളജിലും കഴിഞ്ഞദിവസം സംഘർഷമുണ്ടായി. ഇവിടെ സി.ഐ.സി സിലബസ് പഠിക്കുന്ന വിദ്യാർഥികളെ ഒരു വിഭാഗമെത്തി പുറത്താക്കാൻ നടത്തിയ ശ്രമം സംഘർഷത്തിലെത്തുകയും പൊലീസ് ഇടപെടൽ ഉണ്ടാവുകയും ചെയ്തു. പൊലീസ് ഇവിടെയും ഏകപക്ഷീയമായി പെരുമാറി എന്ന പരാതി ഉയർന്നു. ഉന്നത തലത്തിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് സി.ഐ.സിയെ അനുകൂലിക്കുന്ന വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഏകപക്ഷീയ നടപടിയെടുക്കുന്നത് എന്നാണ് വിവരം.
ഇടക്കാലത്ത് സമസ്തയും ലീഗും തമ്മിലുള്ള അകൽച്ച മുതലെടുക്കാൻ സി.പി.എം ശ്രമിക്കുന്നു എന്ന വിമർശനമുയർന്നിരുന്നു. ഇതിനായി മലപ്പുറം ജില്ലയിൽനിന്നുള്ള ഇടതു ജനപ്രതിനിധികൾ ഇടപെടുന്നതായും ആരോപണമുണ്ടായി. ഇത് ശരിവെക്കും വിധത്തിലാണ് ഇപ്പോൾ തർക്കമുള്ള സ്ഥാപനങ്ങളിൽ പൊലീസിന്റെ ഇടപെടൽ. അതിനിടെ സി.ഐ.സി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞദിവസം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച ഫലം കാണുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സമസ്തയുടെ പേരുള്ള സ്ഥാപനങ്ങൾക്ക് ലീഗ് നൽകിയ പിന്തുണ എടുത്തുപറഞ്ഞ് അൽപം പരുഷമായായിരുന്നു കുഞ്ഞാലിക്കുട്ടി നേതാക്കളുമായി സംസാരിച്ചത്. അടുത്തദിവസം സമസ്ത മുശാവറയും സി.ഐ.സി സെനറ്റ് യോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.