തൊടുപുഴ: ജില്ലയിൽ മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ. രണ്ട് ദിവസമായി തുടരുന്ന മഴയിൽ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാറ്റിലും മഴയിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു. നിരവധി ഇടങ്ങളിൽ മരം വീണ് ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും ഉണ്ടായി. ജില്ലയിൽ ശരാശരി പെയ്ത മഴയുടെ അളവ് 101. 92 ആണ്. പീരുമേട് -192 മി.മീ, ഇടുക്കി-115 മി.മീ, ദേവികുളം-116 മി.മീ, തൊടുപുഴ- 67.8 മി.മീ, ഉടുമ്പൻചോല-17.8 മി.മീ എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ്.
ഹൈറേഞ്ച് മേഖലകളിലേക്കുള്ള രാത്രി യാത്രക്ക് കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാങ്കുളം, ശാന്തൻപാറ, രാജാക്കാട്, അടിമാലി മേഖലയിലാണ് കൂടുതൽ നാശം ഉണ്ടായത്. ഇവിടെ രണ്ട് വീടുകൾ ഭാഗികമായി തകരുകയും ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മാങ്കുളം വേലിയാംപാറ കുഴിഞ്ഞാലിൽ വിപിന്റെ വാഴേത്താട്ടത്തിലെ 300 ഓളം ഏത്ത വാഴകൾ കാറ്റിൽ നിലം പൊത്തി. മൂന്ന് ദിവസം വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ഡാമിൽ ചൊവ്വാഴ്ച 2307.84 അടിയായിരുന്ന ജലനിരപ്പ് 2310.26ലെത്തി. അതേസമയം ജലനിരപ്പ് ക്രമീകരിക്കാനായി താരതമ്യേന ചെറിയ അണക്കെട്ടുകളായ ഹെഡ്വർക്സ്, കല്ലാർകുട്ടി, പാംബ്ല, എന്നിവ തുറന്നു.
കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. മഴ തുടർന്നാൽ എല്ലാ ഷട്ടറുകളും തുറക്കും. ലോവർപെരിയാർ (പാംബ്ല) ഡാമിന്റെയും രണ്ട് ഷട്ടറുകൾ തുറന്നു.മൂന്നാർ ഹെഡ്വർക്സ് ഡാമിന്റെ ഒരു ഷട്ടറും ഇന്നലെ ഉച്ചയോടെ തുറന്നു. ജലസേചന വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്. പുഴകളിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്.
അടിമാലി: കാലവർഷം കനത്തതോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ വ്യാപക നാശം. മാങ്കുളം, ശാന്തൻപാറ, രാജാക്കാട്, അടിമാലി മേഖലയിലാണ് കൂടുതൽ നാശം. രണ്ട് വീടുകൾ കാറ്റിൽ തകർന്നു. ശാന്തൻപാറയിൽ മരം വീണ് വീടും വാഹനവും തകർന്നു.കറുപ്പൻ കോളനിക്ക് സമീപമാണ് മരം വീണ് വനാരാജിന്റെ വീട് ഭാഗികമായി തകർന്നത്. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണാണ് പ്രദേശവാസിയായ ശശികലയുടെ വാഹനം തകർന്നത്.
വൈദ്യുതി,കേബിൾ,ഇൻറർനെറ്റ് സംവിധാനങ്ങളും തകരാറിലായി. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.മാങ്കുളം വേലിയാംപാറ കുഴിഞ്ഞാലിൽ വിപിന്റെ വാഴേത്താട്ടമാണ് കാറ്റിൽ നശിച്ചത്. 300 ഓളം ഏത്തവാഴകളാണ് നശിച്ചത്.
നെടുങ്കണ്ടം: മഴയെയും കാറ്റിനെയും തുടർന്ന് ഉടുമ്പൻചോല താലൂക്കിൽ നാല് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. നെടുങ്കണ്ടം, കൽക്കുന്തൽ, ഉടുമ്പൻചോല, ബൈസൺ വാലി വില്ലേജുകളിലാണ് വീടുകൾക്ക് കേടുപാടുകൾ. മാവടിയിൽ പള്ളിസിറ്റി മുളക്പാറയിൽ രാമറിന്റെ വീടിന് മുകളിലാണ് ബുധനാഴ്ച പുലർച്ച മരം വീണത്.ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി.
കാറ്റിൽ പലരുടെയും വീടിന്റെ ഷീറ്റ് ഇളകി മാറി. കൈലാസപ്പാറ, ഉടുമ്പൻചോല, കിളവികുളം, മൈലാടുംപാറ എന്നിവിടങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. നെടുങ്കണ്ടത്ത് നിന്നും അഗ്നി രക്ഷസേന എത്തി മരങ്ങൾ മുറിച്ചുമാറ്റി. ജില്ലയിൽ ഏറ്റവും കുറവ് മഴ പെയ്തത് ഉടുമ്പൻചോല താലൂക്കിലാണ്.
മൂന്നാർ: കാലവർഷം തിമിർത്ത് പെയ്യുന്ന മൂന്നാറിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് 13 സെ.മീ. മഴ. ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിലെ മഴയളവാണിത്. ചൊവ്വാഴ്ച 7.6 സെൻറ്റീമീറ്ററായിരുന്നു മഴ.ചൊവ്വാഴ്ച രാത്രിയും പകലും തുടർച്ചയായ മഴയായിരുന്നതിനാൽ നീരൊഴുക്ക് കൂടി മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഹെഡ് വർക്സ് ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കി.
ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചയുമായി ഒരു ഷട്ടർ മൂന്നു തവണയായി ഒമ്പതു സെൻറ്റീമീറ്ററാണ് ഉയർത്തിയത്. മൂന്ന് ഷട്ടറാണ് ഇവിടെയുള്ളത്. ജില്ലഭരണകൂടം രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയതോടെ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവും പൂർണമായി നിലച്ചു.
മൂന്നാർ: മുതിരപ്പുഴയാറിന്റെ സംഭരണശേഷി കുറഞ്ഞതുമൂലം വെള്ളം ഒഴുകി പാഴായി വൈദ്യുതി ബോർഡിന് നഷ്ടം കോടികൾ. ഹെഡ് വർക്സ് ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഏക്കൽ മണ്ണും ചളിയും അടിഞ്ഞ് അടിത്തട്ട് ഉയർന്ന് സംഭരണശേഷി പകുതിയിൽ താഴെയായി കുറഞ്ഞത്.പള്ളിവാസൽ ജലവൈദ്യുതി പദ്ധതിക്ക് വെള്ളം തടഞ്ഞുനിർത്തി തിരിച്ചുവിടുന്ന തടയണയാണ് ഹെഡ് വർക്സ് ഡാം. ഇവിടെ തടഞ്ഞുനിർത്തുന്ന വെള്ളം കനാൽവഴി തുരങ്കത്തിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഡാമിൽനിന്ന് രണ്ട് കിലോമീറ്റർ മുകളിലാണ് മൂന്നാർ പട്ടണം.
കന്നിയാറും നല്ലതണ്ണിയാറും പാലാറും ടൗൺ ഭാഗത്ത് സംഗമിച്ചാണ് മുതിരപ്പുഴയാർ രൂപംകൊള്ളുന്നത്. പുഴയോരങ്ങളിലെ അനധികൃത നിർമാണങ്ങളും മണ്ണും കല്ലും മറ്റും പുഴയിലേക്ക് തള്ളുന്നതും തീരങ്ങളിൽ അനധികൃത കൈയേറ്റങ്ങളുമാണ് ഹെഡ് വർക്സ് ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ആഴവും വ്യാപ്തിയും കുറയാൻ കാരണം. മണ്ണും ചളിയും നീക്കി വൃഷ്ടിപ്രദേശം വൃത്തിയാക്കിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. നിലവിൽ ഒരു ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും മറ്റ് രണ്ട് ഷട്ടറും കവിഞ്ഞൊഴുകി വെള്ളം വൻതോതിൽ പാഴാകുകയാണ്.
അടിമാലി: വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നു. ബുധനാഴ്ച രാവിലെ ഏഴിനാണ് കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നത്. മഴ ശക്തമായി തുടർന്നാൽ എല്ലാ ഷട്ടറുകളും തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യമായാണ് കല്ലാർകുട്ടി ഡാം തുറക്കുന്നത്. മുതിര പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
പെരിയാറിന്റെ ഭാഗമായ ലോവർ പെരിയാർ അണക്കെട്ട് രാവിലെ 7.30 നാണ് തുറന്നത്. ഇവിടെയും രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം, കരിമണൽ, മാട്ടുപ്പെട്ടി വൈദ്യുതി നിലയങ്ങളിലെ ഉൽപാദനവും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.