കട്ടപ്പന: ‘അധിക്ഷേപിച്ച് ബുദ്ധിമുട്ടിക്കരുതേ, ഞങ്ങളും മനുഷ്യരാണ്’. വയനാട്ടിലെ ചുരൽ മല, മുണ്ടക്കൈ എന്നിവടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് മാതൃത്വത്തിന്റെ അമൃത് ചുരന്ന ഉപ്പുതറ സ്വദേശി ഭാവന സജിനും കുടുംബവും സോഷ്യൽ മീഡിയയിൽ ഒടുവിൽ പങ്കുവെച്ച കുറിപ്പാണ് മുകളിൽ കണ്ടത്.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ വയനാട്ടിലെ ജനങ്ങൾക്ക് കേരളമൊന്നാകെ താങ്ങും തണലുമാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സമൂഹമാധ്യമങ്ങളിൽ വയനാടിന് സഹായഹസ്തവുമായി നിരവധിപേർ എത്തി. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഇടുക്കി സ്വദേശി സജിന്റെ കുറിപ്പ്, ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കാമെന്നും തന്റെ ഭാര്യ തയാറാണെന്നുമായിരുന്നു സജിൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
തുടർന്ന് സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിലെത്തുകയും സഹായം നൽകുകയും ചെയ്തു. ഇപ്പോൾ വയനാട്ടിൽ നിന്ന് മടങ്ങുന്നതായും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും അറിയിക്കുകയാണ് സജിൻ. നമ്മൾ കാരണം ആർക്കെങ്കിലും ചെറിയൊരു സഹായമെങ്കിലും ആയല്ലോ എന്ന സന്തോഷത്തോടെയാണ് മടക്കം.കുറ്റപ്പെടുത്താൻ ആയിരം ആളുകൾ വന്നപ്പോഴും, അവിടെ നിന്ന് പോന്ന നാൾ മുതൽ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് സജിന്റെ കുടുംബത്തിന്റെ മടക്കം.
ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം"- എന്നാണ് സജിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ, കുടുംബത്തെ മുഴുവൻ വളരെ മോശമായി ചിത്രികരിക്കുന്നവരോട് ‘ഞങ്ങളും മനുഷ്യരാണ് പറ്റുന്ന രീതിയിൽ ഒരു സഹായം ആകട്ടെ എന്ന് കരുതി ചുരം കയറിയതാണ്’ എന്നും സജിൻ പറയുന്നു.
ഇടുക്കിയിൽ ജീവിക്കുന്ന വെറും സാധാരണക്കാരാണ് തങ്ങളെന്നും ഇനിയും അധിക്ഷേപങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കരുതെന്നും സജിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
കട്ടപ്പന: വയനാട്ടിലെ ദുരന്തഭൂമിയിൽ പിഞ്ചോമനകൾക്ക് മുലയൂട്ടി മലയാളത്തിന്റെ മാതൃത്വമായ ഭാവന സജിന് മലനാടിന്റെ ആദരവ്. വയനാട്ടിലെ ചുരൽ മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് മാതൃത്വത്തിന്റെ അമൃത് ചുരന്ന ഉപ്പുതറ സ്വദേശി ഭാവന സജിനും കുടുംബത്തിനും ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൻ ബീന ടോമി ആദരവ് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.