എടവണ്ണ: വയനാട് വേണോ റായ്ബറേലി വേണോ എന്ന കാര്യത്തിൽ താൻ വലിയ ധർമസങ്കടത്തിലാണെന്ന് രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ എടവണ്ണയിലെ സ്വീകരണ പരിപാടിയിലാണ് മനസ്സ് തുറന്നത്. പിന്തുണച്ച വയനാട്ടിലെ എല്ലാവർക്കും നന്ദി. താൻ ഒരു തീരുമാനവും എടുത്തിട്ടില്ല.
എന്ത് തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്കുള്ളതുപോലെയുള്ള ഒരു ദൈവം എനിക്കില്ല. മോദി പറയുന്നത് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ പരമാത്മാവിന്റേതാണെന്നാണ്. അംബാനിയും അദാനിയുമാണ് അദ്ദേഹത്തിന്റെ പരമാത്മാവ്. അവരാണ് മോദിക്ക് നിർദേശം നൽകുന്നത്. എന്നാൽ, ഞാൻ സാധാരണ മനുഷ്യനാണ്. എന്റെ ദൈവം ഈ രാജ്യത്തെ ദരിദ്രരായ ജനങ്ങളാണ്.
ഏതു മണ്ഡലം തെരഞ്ഞെടുക്കണമെന്ന് നിങ്ങളാണ് പറയേണ്ടതെന്നും രാഹുൽ വേദിയിലെ ജനങ്ങളോട് പറഞ്ഞു. താൻ ഏതു തീരുമാനമെടുത്താലും അത് വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടയിൽ ഭരണഘടന ഉയർത്തിക്കാട്ടിയ രാഹുൽ, ഈ രാജ്യത്തെ ഓരോ ചരിത്രവും പാരമ്പര്യവും കാത്തുസംരക്ഷിക്കുന്നത് ഭരണഘടനയാണെന്ന് പറഞ്ഞു. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ തെരഞ്ഞെടുപ്പിനുമുമ്പ് ഞങ്ങൾ ഭരണഘടന ഇല്ലാതാക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ഭരണഘടനയെ വണങ്ങുന്നതാണ് കണ്ടത്. തെരഞ്ഞടുപ്പിൽ മത്സരിച്ചത് രണ്ടു വിഭാഗമാണ്. ഒരു വിഭാഗം ജനങ്ങളുടെ ഭാഷ, സംസ്കാരം, പൈതൃകം തുടങ്ങിയവ സംരക്ഷിക്കാന്‍ പോരാടി. ജനങ്ങള്‍ എന്തു സംസാരിക്കണം, കഴിക്കണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ മോദിയും അമിത് ഷായുമായിരുന്നു മറുഭാഗത്ത്.
എന്നാൽ, വെറുപ്പിനെ ഈ രാജ്യത്തെ ജനങ്ങൾ സ്നേഹംകൊണ്ടും ധാർഷ്ട്യത്തെ വിനയംകൊണ്ടും പരാജയപ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി വാരാണസിയിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അയോധ്യയിൽപോലും പരാജയപ്പെട്ട ബി.ജെ.പിക്ക് ജനങ്ങൾ നൽകിയ സന്ദേശം വെറുപ്പിനെ ഞങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നാണെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.