കുളത്തൂപ്പുഴ: വകുപ്പുകളുടെ അനാസ്ഥ നിമിത്തം ഉപേക്ഷിക്കപ്പെട്ട് കാട്ടുമൃഗങ്ങളുടെ താവളമായി കുളത്തൂപ്പുഴ പട്ടികവര്‍ഗ നെയ്ത്തുശാല. തൊഴില്‍ പരിശീലനം ലഭിച്ചിട്ടും തൊഴിലെടുക്കാനാവാതെ ഒരുകൂട്ടം സ്ത്രീകളെ പട്ടിണിയിലേക്ക് തള്ളിയതു കൂടാതെ ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച സ്ഥാപനത്തെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
ആദിവാസി വിഭാഗത്തില്‍പെട്ട യുവജനങ്ങളുടെ ക്ഷേമത്തിനായി 1984 ൽ ആണ് വില്ലുമല പട്ടികവര്‍ഗ കോളനി കേന്ദ്രീകരിച്ച് നെയ്ത്തു പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഓരോ വര്‍ഷവും സര്‍ക്കാര്‍ ബജറ്റില്‍ കോടികള്‍ വകയിരുത്തുന്നുവെങ്കിലും കുളത്തൂപ്പുഴയിലെ നെയ്തു പരിശീലന സംഘത്തെ വിസ്മരിക്കുകയായിരുന്നു. ഇത് സ്ഥാപനത്തിന്റെ തകർച്ചക്ക് ആക്കംകൂട്ടി.
ആദിവാസികളായ സ്ത്രീകൾക്ക് തുണി നെയ്യാൻ പരിശീലനം നൽകിയ ശേഷം ഇവിടെതന്നെ സ്ഥിരം തൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പു വരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പരിശീലനകാലത്ത് 5000 രൂപ വരെ സ്റ്റൈപൻഡും നൽകിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി നെയ്ത്തു ജോലിയിലേര്‍പ്പെട്ടവര്‍ക്ക് വേതനവും നല്കി. തുടക്കത്തില്‍ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് 1989ൽ പട്ടികവർഗ വികസന വകുപ്പ് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി 50 സെന്റു സ്ഥലം വാങ്ങി കെട്ടിടവും നിർമിച്ചു നൽകി. ഇതോടെ നെയ്ത്തുശാല ഇവിടേക്ക് മാറ്റി. 30 തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവർത്തനം വിപുലമാക്കി. ഒന്നര വര്‍ഷം മുമ്പുവരെ 10 തറികളിലായി പ്രദേശവാസികളായ സ്ത്രീ തൊഴിലാളികള്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യൂനിഫോം തുണി നെയ്ത് വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാറില്‍നിന്നും ധനസഹായമോ മറ്റു പിന്തുണയോ ലഭിച്ചില്ല. നെയ്തെടുക്കുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെ വരുകയും ജോലിയെടുത്തവര്‍ക്ക് വേതനം നല്കാനാവാത്ത അവസ്ഥയുമെത്തിയതോടെ നെയ്ത്തുശാലയുടെ നാശത്തിനു തുടക്കമാവുകയായിരുന്നു.
വേതനം ലഭിക്കാതെ വന്നതോടെ ജീവനക്കാർ പലരും മറ്റു തൊഴിലുകള്‍ തേടി പോവുകയും തറികളില്‍ ജോലി ചെയ്യാന്‍ ആളില്ലാതെ വരുകയും ചെയ്തു. ഇതോടെ സ്ഥാപനം തൽക്കാലം അടച്ചിടുകയായിരുന്നു.
മേൽനോട്ടത്തിന് ആളില്ലാതെ വന്നതോടെ സംഘം കെട്ടിടം കാടുകയറി പാമ്പുകൾ താവളമാക്കി. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ ശല്യവും ഏറി. ഇതിനിടെ നൂലിന് നിറം പിടിപ്പിക്കുന്നതിനായി നെയ്തു കേന്ദ്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പുപാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ കടത്തി. കുരങ്ങുകളും മറ്റു കാട്ടു ജീവികളും ഇവിടം കൈയടക്കി. കെട്ടിടത്തിന്റെ മേൽക്കൂര പലയിടത്തും തകർന്ന് മഴവെള്ളം തറികളിൽ പതിക്കുന്നു.
സെക്രട്ടറി വിരമിച്ചതോടെ പുതിയ ആളെ നിയോഗിക്കാന്‍ വ്യവസായ വകുപ്പ് തയാറായില്ല. ആദിവാസികള്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘം സ്വന്തം ചെലവില്‍ സെക്രട്ടറിയെ കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. സെക്രട്ടറി ഇല്ലാത്തതിനാൽ കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച തുക വിനിയോഗിക്കാനാവാതെ വരുകയും സഹകരണ വകുപ്പ് നെയ്ത്തുശാല വികസനത്തിനായി പ്രഖ്യാപിച്ച തുക നഷ്ടമാവുകയും ചെയ്തു. വ്യവസായ വകുപ്പ് നേരിട്ട് സെക്രട്ടറിയെ നിയോഗിക്കുകയോ മറ്റേതെങ്കിലും സഹകരണ സംഘം സെക്രട്ടറിക്ക് അധിക ചുമതല നല്‍കിയോ നെയ്ത്തുശാല പുനരുജ്ജീവിപ്പിക്കണമെന്ന നിര്‍ദേശമാണ് സംഘം അംഗങ്ങൾ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.