കോഴിക്കോട്: നഗരത്തിൽ ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് പനിയെന്ന് സംശയം. പാവങ്ങാട് സ്വദേശിയായ 24കാരിയാണ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. പക്ഷികളിൽനിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന ൈവറസ് രോഗമാണിത്.
രോഗസ്ഥിരീകരണത്തിനായി വിവിധ സാമ്പിളുകൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിെൻറ അടിസ്ഥാനത്തിൽ പ്രാഥമികമായി രോഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് തെറ്റിയതായിരിക്കാം (ഫാൾസ് പോസിറ്റീവ്) എന്ന അനുമാനത്തിൽ വീണ്ടും സാമ്പിൾ അയക്കും. ഇതിെൻറ ഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ എന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു.
യുവതിയെക്കൂടാതെ സമാന രോഗലക്ഷണങ്ങളോടെ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 62കാരനും മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിെൻറ സാമ്പിളുകൾ വെള്ളിയാഴ്ച ശേഖരിച്ച് പുണെയിലേക്കയച്ചു.
യുവതിയുടെ വിവിധ സാമ്പിളുകൾ ശനിയാഴ്ച വീണ്ടും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു. മൂന്നു നാലു ദിവസങ്ങൾക്കകം ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ മെഡിക്കൽ കോളജിൽ ഐസോലേറ്റഡ് വാർഡിൽ ചികിത്സയിലാണ്. ജൂലൈ 13നാണ് പനിയും മസ്തിഷ്ക ജ്വരത്തിെൻറ ലക്ഷണങ്ങളുമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
രോഗം സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും കോർപറേഷൻ ആരോഗ്യവിഭാഗവും പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. പാവങ്ങാട് പ്രദേശത്ത് കൊതുകു നിവാരണ പ്രവർത്തനങ്ങളും പനി സർവേയും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു.
എന്താണ് വെസ്റ്റ് നൈൽ പനി?
പക്ഷികളിൽനിന്ന് കൊതുകുകളിലേക്കും കൊതുകിൽനിന്ന് മനുഷ്യരിലേക്കും പടരുന്ന ഒരു വൈറസ് രോഗമാണ് വെസ്റ്റ് നൈൽ വൈറൽ പനി. രോഗാണുവാഹകരായ കൊതുകിെൻറ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് വൈറസെത്തുന്നത്. ക്യൂലക്സ് വിഭാഗത്തിൽപെട്ട ഇവയിൽനിന്ന് മനുഷ്യരെക്കൂടാതെ കുതിരകൾക്കും മറ്റു ചില സസ്തനികൾക്കും രോഗം ബാധിക്കാം. അവയവദാനം, രക്തദാനം, മുലയൂട്ടൽ എന്നിവയിലൂടെയും വളരെ അപൂർവമായി രോഗം പടരാം.
മനുഷ്യർക്ക് നൽകാനുള്ള പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രത്യേക ചികിത്സകളില്ലാത്തതിനാൽ അനുബന്ധ ചികിത്സയാണ് നൽകുക.
രോഗം ബാധിച്ച 80 ശതമാനം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാവില്ല. 20 ശതമാനം ആളുകളിൽ പനി, തലവേദന, ശരീരവേദന, മുട്ടുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഇത് പിന്നീട് ശക്തമായ പനി, കഴുത്ത് മുറുകൽ, ബോധക്കേട്, കോമ, വിറയൽ, അപസ്മാരം, തളർവാതം തുടങ്ങിയവയായി മാറാം. രോഗം ബാധിച്ചവരിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരണസാധ്യത. മൂന്നു മുതൽ 14 ദിവസം വരെയാണ് രോഗം സ്ഥിരീകരിക്കാനുള്ള കാലയളവ്.
1937ൽ ഉഗാണ്ട(ആഫ്രിക്ക)യിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, യൂറോപ്, മധ്യപൗരസ്ത്യ ദേശങ്ങൾ, വടക്കേ അമേരിക്ക, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.