കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍െറ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശ ചെയ്ത നിരോധനങ്ങളിലും നിയന്ത്രണങ്ങളിലും വീണ്ടും വെള്ളം ചേര്‍ക്കാനുള്ള കേരളത്തിന്‍െറ ഏറ്റവും പുതിയ നീക്കത്തോട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. പശ്ചിമഘട്ടം വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരള മന്ത്രിസഭ എടുത്ത പുതിയ തീരുമാനം ബുധനാഴ്ച കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാരായ ജോയ്സ് ജോര്‍ജും എ. സമ്പത്തും അറിയിച്ചെങ്കിലും പരിശോധിക്കട്ടെയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ നല്‍കിയ മറുപടി.

കേരളത്തില്‍ 13,000ല്‍പരം ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോലപ്രദേശമുണ്ടെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് കേരളം നടത്തിയ രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് അത് 9997 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചത്. അത് വീണ്ടും 9107 ചതുരശ്ര കിലോമീറ്റര്‍ ആയി കുറക്കണമെന്നാണ് കേരളത്തിന്‍െറ പുതിയ ആവശ്യം.

കസ്തൂരിരംഗന്‍ ശിപാര്‍ശകളിന്മേല്‍ നിര്‍ദേശിച്ച് ഉമ്മന്‍ വി ഉമ്മന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ഭൂപ്രദേശത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നിന്നൊഴിവാക്കണമെന്നാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗം എടുത്ത തീരുമാനമെന്നും ഇക്കാര്യം തങ്ങള്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചുവെന്നും എം.പിമാരായ ജോയ്സ് ജോര്‍ജും എ. സമ്പത്തും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരള സര്‍ക്കാറിന്‍െറ അഭിപ്രായമായി സമര്‍പ്പിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ പ്രധാന ന്യൂനതയായി പറഞ്ഞിരുന്നത് പരിസ്ഥിതി ലോലപ്രദേശങ്ങള്‍ക്ക്  തുടര്‍ച്ചയില്ല എന്നായിരുന്നു. അത് പരിഹരിക്കാന്‍ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പമുള്ള 884 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ലോലമല്ലാതാക്കണമെന്ന ഭേദഗതിയാണ് കേരളം വെച്ചിട്ടുള്ളതെന്നും ഇത് പരിഗണിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അതേസമയം കേരള എം.പിമാരുടേത് സാധാരണ സന്ദര്‍ശനമായിരുന്നുവെന്നും പ്രത്യേകിച്ചൊന്നും ഉരുത്തിരിഞ്ഞിട്ടില്ളെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രാലയം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

അന്തിമ വിജ്ഞാപനത്തിനായി അഭിപ്രായം ക്ഷണിച്ചപ്പോള്‍ കേരളം സ്വന്തം നിലക്ക് നടത്തിയ പഠനമെന്ന നിലയില്‍ ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതില്‍ സംരക്ഷിത വനമായതിനാല്‍ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ ഭാഗം തുടര്‍ച്ചയായിട്ടാണ് കിടക്കുന്നത്. എന്നാല്‍ വനമല്ലാതെ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളായി കാണിച്ചത് ജനവാസകേന്ദ്രങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും ഇടയിലുള്ള 884 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ചതുപ്പുനിലങ്ങള്‍, പാറകള്‍ എന്നിവയാണ്.

പരിസ്ഥിതി ലോലവും അല്ലാത്തതുമായ ഭൂമി കൂടിക്കലര്‍ന്നു കിടക്കുന്ന ഇത്രയും ഭാഗത്തെ പ്രത്യേക ഭൂമിയാക്കി വേര്‍തിരിച്ചുകാണിക്കാന്‍ കഴിയുന്നില്ളെന്നും അതിനാല്‍ വനേതരമായ പരിസ്ഥിതിലോല പ്രദേശം ഇങ്ങനെ അടയാളപ്പെടുത്താന്‍ കഴിയില്ളെന്നുമുള്ള നിസ്സഹായതയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രകടിപ്പിച്ചിരുന്നത്. കസ്തൂരിരംഗന്‍ പരിസ്ഥിതിലോല പ്രദേശങ്ങളെന്ന് പറഞ്ഞ ഭാഗത്തെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെട്ടത് ഒഴിവാക്കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നടത്തിയ ശ്രമം അതിരുകള്‍ അടയാളപ്പെടുത്താന്‍ കഴിയാത്ത തരത്തില്‍ പ്രശ്നം സങ്കീര്‍ണമാക്കുകയായിരുന്നു.

അതിനാല്‍ പരിസ്ഥിതിലോല പ്രദേശത്തിന്‍െറ സംരക്ഷണം അതിന് നല്‍കാനാവില്ളെന്നും ഈ പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു. ഇടയിലുള്ള ജനവാസമേഖലയും കൃഷിഭൂമിയും തോട്ടങ്ങളും ഒഴിവാക്കാതെ അത്രയും ഭൂപ്രദേശത്തെ പൂര്‍ണമായും പരിസ്ഥിതിലോല പ്രദേശമാക്കി മാറ്റി കസ്തൂരിരംഗന്‍ ശിപാര്‍ശകളുടെ ചൈതന്യത്തിന് അനുസൃതമായ നിലപാട് കേരളം എടുക്കണമെന്നായിരുന്നു മന്ത്രാലയത്തിന്‍െറ ആഗ്രഹം.  എന്നാല്‍ അതിന് നേര്‍വിപരീതമായി 884 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതിലോല പ്രദേശങ്ങളല്ലാതാക്കി മാറ്റണമെന്നാണ് കേരളം ബുധനാഴ്ച വ്യക്തമാക്കിയിരുന്നത്.

2013 സെപ്റ്റംബറിലെ വിജ്ഞാപനത്തോടെ നിയന്ത്രണവും നിരോധനവുമുള്ള ഈ മേഖല അപ്പാടെ ഒഴിവാക്കണമെന്ന കേരളത്തിന്‍െറ പുതിയ ആവശ്യത്തോട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അതിനാല്‍തന്നെ അടുത്ത മാസമാദ്യം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഇറക്കാനിരിക്കുന്ന കരട് വിജ്ഞാപനത്തില്‍ കേരളത്തിന്‍െറ പുതിയ ഭേദഗതി ഉള്‍പ്പെടാനുള്ള സാധ്യത വിരളമാണ്.

Tags:    
News Summary - western ghats issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.