മലപ്പുറം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സംവരണ വാർഡ് നറുക്കെടുപ്പിൽ ആകാംക്ഷയോടെ കണ്ണുനട്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും.
ജില്ല പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ പകുതി സീറ്റും വനിതകൾക്ക് സംവരണം ചെയ്തതിൽപിന്നെ പുരുഷ നേതാക്കളുടെ കാര്യം കുറച്ച് പരുങ്ങലിലാണ്.
ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക നേതാക്കൾക്കാണ് നറുക്കെടുപ്പ് ഏറെ നിർണായകം. പതിറ്റാണ്ടുകളായി സീറ്റ് കുത്തകയാക്കി വെച്ചവർക്ക് 2010ൽ 50 ശതമാനം വനിത സംവരണം വന്നത് തിരിച്ചടിയായിരുന്നു.
ബന്ധുക്കളായ വനിതകളെ പലരും ഈ സ്ഥാനത്ത് പരീക്ഷിച്ചു. അടുത്ത തവണ വാർഡ് ജനറലിലേക്ക് മാറുമെന്നും വീണ്ടും മത്സരിക്കാമെന്നും കരുതി കാത്തിരിക്കുേമ്പാഴാവും നറുക്കെടുപ്പിൽ പട്ടികജാതി, വർഗ സംവരണമാവുക. 2010ൽ വനിതകൾക്കും 2015ൽ പട്ടികവിഭാഗത്തിനും സംവരണം ചെയ്ത വാർഡുകളിൽ ഇക്കുറി വീണ്ടും സ്ത്രീകളാണ് മത്സരിക്കുക. ഇത് കൂടിയാവുന്നതോടെ സ്ഥാനാർഥി മോഹമുള്ളവർ അവസരം തേടി മറ്റ് വാർഡുകളിലേക്ക് ഓട്ടമാണ്.
ജനറൽ വാർഡുകൾ സാധാരണ ഗതിയിൽ അടുത്തതവണ സംവരണമാവും. ജനറൽ വനിത, ജനറൽ പട്ടികജാതി, ജനറൽ പട്ടികവർഗം, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ എന്നിവക്ക് വേണ്ടിയാണ് നറുക്കെടുപ്പ്. ജനറൽ വാർഡുകൾ സ്വാഭാവികമായും വനിതയിലേക്ക് മാറും.
തിരിച്ച് ജനറലാവുന്ന വാർഡുകളിൽനിന്നാണ് ജനറൽ പട്ടികജാതി, ജനറൽ പട്ടികവർഗം എന്നിവ നിശ്ചയിക്കുക. വനിതയിൽനിന്ന് നറുക്കിട്ട് പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ എന്നിവയും കണ്ടെത്തും.
ആകെ വാർഡുകളുടെ എണ്ണം ഒറ്റ സംഖ്യയിലാണെങ്കിൽ സ്ഥാനമൊഴിയുന്ന സ്ത്രീസംവരണ വാർഡുകളിൽ ഒന്ന് നറുക്കിട്ട് വനിതക്ക് തന്നെ വീണ്ടും നൽകും. ഉദാഹരണത്തിന് 19 വാർഡുള്ള പഞ്ചായത്തിൽ 10 വനിത മെംബർമാർ ഉണ്ടാവും. ഏതെങ്കിലും ജനറൽ സീറ്റിൽ വനിത ജയിച്ചുവന്നാൽ വീണ്ടും വർധിക്കും.
വാർഡുകളുടെ നറുക്കെടുപ്പിനുശേഷമാണ് അധ്യക്ഷ സ്ഥാനങ്ങൾ തീരുമാനിക്കുക. പ്രസിഡൻറ്/ചെയർമാൻ കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്നവർക്ക് മോഹഭംഗം ഉണ്ടാക്കുന്നതായിരിക്കും ചിലപ്പോൾ പ്രഖ്യാപനം. സംവരണമാണെന്നറിഞ്ഞാൽ പലരും മത്സരത്തിൽനിന്ന് പിന്മാറും.
പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും അധ്യക്ഷ സ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുന്ന മുന്നണിയിലെ വിജയികളുടെ കൂട്ടത്തിൽ ചിലപ്പോൾ ഈ വിഭാഗത്തിൽപെട്ടവരുണ്ടാവണമെന്നില്ല.
പ്രതിപക്ഷ അംഗം തൽക്കാലത്തേക്ക് പ്രസിഡൻറോ ചെയർമാനോ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതും തെരഞ്ഞെടുപ്പിനുശേഷം ഇവിടങ്ങളിൽ കാണാം. പിന്നീട് ജനറൽ സീറ്റിൽ നിന്നൊരാളെ രാജിവെപ്പിച്ച് സംവരണ വിഭാഗത്തിലുള്ളയാളെ ഉപതെരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ച് അധ്യക്ഷസ്ഥാനത്തെത്തിക്കുകയാണ് മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.