കൊച്ചി: അർധനഗ്ന പ്രതിമകളും ചുവർചിത്രങ്ങളും പ്രതിഷ്ഠകളുമുള്ള രാജ്യത്തെ പുരാതനക്ഷേത്രങ്ങളിൽ പ്രാർഥിക്കുമ്പോൾ ലൈംഗികതയല്ല ദൈവികതയാണ് അനുഭവപ്പെടുന്നതെന്ന് ഹൈകോടതി.
ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ഇത്തരം അർധനഗ്ന പ്രതിമകളൊക്കെ ദൈവികമായാണ് കരുതപ്പെടുന്നത്. അർധനഗ്ന ദേവത പ്രതിഷ്ഠകളുള്ള പുലിക്കളിയിലും തെയ്യത്തിലും പുരുഷശരീരത്തിൽ ചിത്രങ്ങൾ വരക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിക്സ് പാക്ക് മസിലുൾപ്പെടെ കാണിച്ചുള്ള പുരുഷ ശരീര പ്രദർശനങ്ങൾക്കും കുഴപ്പമില്ല. ഷർട്ടിടാതെ പുരുഷന്മാർ നടക്കുന്നത് അശ്ലീലമായി കരുതാത്തവർ സ്ത്രീശരീരത്തിന്റെ കാര്യത്തിൽ കാഴ്ചപ്പാട് മാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. അർധനഗ്നമേനിയിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചു വിഡിയോ നിർമിച്ച കേസിൽ ആക്ടിവിസ്റ്റായ യുവതിയെ കുറ്റമുക്തയാക്കിയ കേസിലാണ് ഹൈകോടതിയുടെ നിരീക്ഷണം.
സ്ത്രീശരീരത്തിന്റെ കാര്യത്തിൽ ചിലർ അതിലൈംഗികതയാണ് കാണുന്നത്. സമൂഹത്തിലെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് ഹരജിക്കാരി വിഡിയോ അപ്ലോഡ് ചെയ്തത്. ദൃശ്യങ്ങൾ ഒരു സാധാരണക്കാരന്റെ കാമാസക്തി വർധിപ്പിക്കുമെന്നോ അയാൾ അധഃപതിക്കാൻ കാരണമാകുമെന്നോ പറയാനാവില്ല. ഹരജിക്കാരിയുടെ സ്നേഹപരിചരണത്തിലാണ് തങ്ങളെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി കേസിലേക്ക് വലിച്ചിഴക്കുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കി.
കൊച്ചി: അർധനഗ്നമേനിയിൽ പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് യുട്യൂബിൽ പോസ്റ്റ് ചെയ്ത കേസിൽ ആക്ടിവിസ്റ്റായ യുവതിയെ ഹൈകോടതി കുറ്റമുക്തയാക്കി. മോഡൽ കൂടിയായ ഇവർ ഇട്ട ദൃശ്യങ്ങൾ അശ്ലീലമോ അസഭ്യമോ അല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ഉത്തരവ്.
പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ കേസിൽ കുറ്റപത്രം നൽകിയതിനെ തുടർന്ന് കുറ്റമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ യുവതി നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ ചൂഷണം ചെയ്തെന്നാരോപിച്ചുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സിംഗിൾബെഞ്ചിൽ പ്രദർശിപ്പിച്ചിരുന്നു. എട്ടുവയസ്സായ മകളുടെ സാന്നിധ്യത്തിൽ, 14 വയസ്സുള്ള മൂത്തമകൻ യുവതിയുടെ മാറിടത്തിൽ ഫീനിക്സ് പക്ഷിയെ വരക്കുന്നതാണ് വിഡിയോയിലുള്ളത്. ലൈംഗിക ഇച്ഛാഭംഗം നേരിടുന്ന സമൂഹത്തോടുള്ള പ്രതികരണവും സ്ത്രീവിമോചനത്തിനുള്ള പ്രചാരണവുമെന്ന നിലയിലാണ് ഇത് ചെയ്യുന്നതെന്ന് വിഡിയോക്ക് താഴെ വിശദമായ സന്ദേശം ഹരജിക്കാരി നൽകിയിട്ടുണ്ട്. ശാരീരിക വിവേചനങ്ങൾക്കെതിരെ പോരാടുന്നയാളാണ് താനെന്നും ഇതിൽ പറയുന്നു.
പുരുഷനിയന്ത്രിത വ്യവസ്ഥിതിക്കും അതിലൈംഗികതക്കുമെതിരെ പോരാടുന്ന ഹരജിക്കാരി, സദാചാര പൊലീസിങ്ങിനെതിരെ 2014ൽ നടത്തിയ കിസ് ഓഫ് ലവ് മൂവ്മെന്റിൽ പങ്കെടുത്തതും പുലിക്കളിയിലെ പുരുഷമേധാവിത്തത്തിനെതിര രംഗത്തുവന്നതും ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ദർശനം നടത്താൻ ശ്രമിച്ചതുമൊക്കെ ഹൈകോടതി വിലയിരുത്തി.
ഹരജിക്കാരിയുടെ പ്രവൃത്തി ലൈംഗിക താൽപര്യത്തോടെയാണെന്നതിന് വിദൂര സൂചന പോലുമില്ല. രക്ഷിതാക്കൾക്ക് മക്കളെ സ്വന്തം ഇഷ്ടത്തിനു വളർത്താൻ അവകാശമുണ്ട്. നഗ്നശരീരം ലൈംഗിക വസ്തുവല്ലെന്നും സാധാരണ രീതിയിൽ ഇവയെ കാണണമെന്നും മക്കളെ പഠിപ്പിക്കാൻ ഒരമ്മ തന്റെ ശരീരം മക്കൾക്കു ചിത്രം വരക്കാനുള്ള കാൻവാസാക്കുന്നതിൽ തെറ്റില്ല. ഇതിനെ അശ്ലീല ചിത്രമെന്നു പറയാനാവില്ല. അതിനാൽ, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിഡിയോയിലൂടെ ഹരജിക്കാരി നൽകാനുദ്ദേശിച്ച സന്ദേശം അഭിനന്ദനാർഹമാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.