തിരുവനന്തപുരം: തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിര്‍ന്നതുമായ ഗുജറാത്ത് മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ എൽ.ഡി.എഫ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നതിന് പിന്നിലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. കോര്‍പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍ വികസനം'. വൃന്ദാകരാട്ട് ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്‍റെ ദേശീയ നേതൃത്വം തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്‍റെ ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരു വിഭാഗത്തിന്‍റെ മാത്രം താല്‍പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സര്‍ക്കാറിന്‍റേത്. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാറിനും ഗുജറാത്ത് സര്‍ക്കാറിനും ഇക്കാര്യത്തില്‍ സമാനതകള്‍ ഏറെയാണ്. എല്ലാ മേഖലയിലും നമ്പര്‍ വണ്ണെന്ന് കോടികള്‍ ചെലവാക്കി പരസ്യം നല്‍കുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും കെ. സുധാകരന്‍ പരിഹസിച്ചു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് കരുതണം. മോദിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധമാണ് ഗുജറാത്ത് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം. ദേശീയതലത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര എന്നാണ് വിശദീകരണം. ഈ വിഷയത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള നിരവധി കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹായം തേടുന്നതിന് പകരമാണ് ഗുജറാത്ത് സന്ദര്‍ശനം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഐ.ടി വകുപ്പിനെയും മറികടന്നാണ് ഇത്തരം ഒരു തീരുമാനത്തില്‍ മുഖ്യമന്ത്രി എത്തിയതെന്ന് അത്ഭുതപ്പെടുത്തുന്നു.
ബി.ജെ.പി-സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാകും ഇത്തരം സന്ദര്‍ശനത്തിന് കളമൊരുക്കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് കേസ് എങ്ങനെ ആവിയായിപ്പോയി എന്നതിനുള്ള ഉത്തരം കൂടി നല്‍കുന്നതാണ് കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ സൗഹൃദ സന്ദര്‍ശനം. ആർ.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെ വിവാദമാക്കിയ സി.പി.എം സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.