പിക്ക്അ​പ്പ് വാനില്‍ കൊണ്ടുപോകുന്നതിനിടെ ഒരു പശു പ്രസവിച്ചു, ഒരെണ്ണം ചത്തു; ഉടമക്കെതിരെ കേസ്​

 മരട്: പിക്കപ്പ് വാനില്‍ പൊള്ളാച്ചിയില്‍ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു പശുക്കളില്‍ ഒരെണ്ണം ചത്തു. മറ്റൊരെണ്ണം വഴിയരികില്‍ വെച്ച് പ്രസവിച്ചു. കുമ്പളം ദേശീയ പാത ടോള്‍ പ്ലാസയ്ക്കു സമീപമായിരുന്നു സംഭവം. പൂര്‍ണഗര്‍ഭിണിയായ പശുവിനെയടക്കം മൂന്ന് പശുക്കളെയും മൂന്ന് കിടാങ്ങളെയും പിക്ക് അപ്പ് വാനില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്ന വഴിയായിരുന്നു ദാരുണസംഭവമുണ്ടായത്.

പൂര്‍ണ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും യാതൊരു മുന്‍കരുതലുമില്ലാതെ പിക്ക് അപ്പ് വാനില്‍ കുത്തിനിറച്ചാണ് പശുക്കളെ കൊണ്ടുപോയത്. പശുക്കളെ കുത്തിനിറച്ച്​ കുമ്പളത്തെത്തിയപ്പോഴേക്കും ഗര്‍ഭിണിയായ പശു അസ്വസ്ഥത പ്രകടപ്പിച്ചതിനെ തുടർന്നാണ്​ രാവിലെ 9.30 ഓടെ പശുക്കളെ ടോള്‍ പ്ലാസയ്ക്കു സമീപം റോഡരികില്‍ ഇറക്കുകയും ഉച്ചയ്ക്ക് 12 മണിയോടെ ഇതിലൊരു പശു പ്രസവിക്കുകയും ചെയ്​തത്​.

പിക്കപ് വാനില്‍ ഇടുങ്ങിയ നിലയില്‍ സഞ്ചരിക്കുകയും ഗട്ടറുകള്‍ നിരന്തരം ചാടിയതും കാരണമാകാം ഗര്‍ഭിണിയായ പശുവിന്റെ ഗര്‍ഭപാത്രം പ്രസവത്തോടെ പുറത്തു ചാടിയ നിലയിലായിരുന്നു. ഇതുമൂലം പശു അവശനിലയിലാവുകയും ചെയ്തു. നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തുകയും പോലിസിന്റെ നിര്‍ദ്ദേശപ്രകാരം പനങ്ങാട് വെറ്റിനറി ഡോക്ടര്‍ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘം പശുവിനു വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പ്രസവത്തില്‍ പിറന്ന പശുക്കിടാവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. 

,ചത്ത പശുവിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തി കുമ്പളത്തു തന്നെ മറവുചെയ്തു. തന്‍റെ ഫാമിലേക്ക് വളര്‍ത്തുന്നതിനായാണ്​ പൊള്ളാച്ചിയില്‍ നിന്നും പശുക്കളെ വാങ്ങിയതെന്നും പ്രസവിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെന്ന വാക്കു വിശ്വസിച്ചാണ് പശുക്കളെ വാനില്‍ കയറ്റി കൊണ്ടുപോയതെന്നുമാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി ദാവൂദ് പറയുന്നത്. മൃഗസ്‌നേഹികളുടെ പരാതിയെതുടര്‍ന്ന് ദാവൂദിനെതിരേ പനങ്ങാട് പോലിസ് കേസെടുത്തു. 

Tags:    
News Summary - While being transported in a pickup van One cow gave birth, one died; Case against the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.