കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലകുളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കലക്ടീവ്. ദിലീപിന്‍റെ മുൻസുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ അർഹിക്കുന്ന പ്രധാന്യത്തോടെ പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും പരിഗണിക്കുന്നുണ്ടോ എന്ന് ഡബ്ല്യു.സി.സി ചോദിച്ചു.
ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഡബ്ല്യു.സി.സി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.
കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ? ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല എന്നും ഡബ്ല്യു.സി.സി ചോദിച്ചു.
'മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്റർവ്യൂവിൽ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റ ആരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ? ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?
എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ? നീതിക്കായി പോരാടുന്നതിൻ്റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു'.
കഴിഞ്ഞ ദിവസം ദിലീപിന്‍റെ അടുത്ത സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണുള്ളതെന്നും അതിന് താൻ സാക്ഷിയാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപും കുടുബാംഗങ്ങളും സമ്മർദ്ദം ചെലുത്തിയെന്നും കാവ്യ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ വിളിച്ചുവെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപും സുഹൃത്തുക്കളും കണ്ടതിന് താൻ സാക്ഷിയാണെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അഭിമുഖത്തിൽ ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.