നിലമ്പൂർ: കർണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നീലഗിരി ജൈവമേഖലയിലെ പരമ്പരാഗത ആനസഞ്ചാര മാർഗങ്ങൾ കൈയേറി പാതകളും തേക്ക് പ്ലാന്റേഷനുകളും നിർമിച്ചതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ കാരണമായതെന്നാണ് ആന പഠനവിദഗ്ധർ നിലമ്പൂർ കാട്ടിൽ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. കരുളായി, വഴിക്കടവ് റേഞ്ചുകളിലെ 70 ശതമാനത്തിലധികം ആനത്താരകൾ കൈയേറിയെന്നാണ് റിപ്പോർട്ട്. വരൾച്ചമൂലം കാട്ടിലെ ഭക്ഷ്യക്ഷാമവും ആനകളെ കാടിറങ്ങാൻ പ്രേരിപ്പിക്കുന്നു.
2018-19 വർഷത്തിൽ നിലമ്പൂർ കാട്ടിൽ മുളകൾ വ്യാപകമായി പൂത്ത് നശിച്ചത് ആനകളുടെ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കി. വേനൽ കടുക്കുന്നതോടെ കേരള അതിർത്തിയിലെത്തുന്ന ആനക്കൂട്ടങ്ങൾ മാതൃവനങ്ങളിലേക്ക് തിരികെ പോവുകയായിരുന്നു പതിവ്. എന്നാൽ, തമിഴ്നാടിന്റെ പ്രധാന വന്യജീവി സങ്കേതമായ മുതുമല വനമേഖലയിൽ മുളങ്കാടുകൾ ഉണങ്ങിയതോടെയുണ്ടായ ഭക്ഷ്യക്ഷാമം ആനക്കൂട്ടങ്ങളെ നിലമ്പൂർ വനത്തിൽതന്നെ പിടിച്ചുനിർത്തുന്നു. പൂർണ വളർച്ചയെത്തിയ ആനക്ക് ദിവസേന 169 കിലോ ഭക്ഷണവും 200 ലിറ്റർ വെള്ളവും വേണമെന്നാണ് വന്യജീവി ശാസ്ത്രജ്ഞർ പറയുന്നത്. മലയോരത്ത് സുലഭമായി ചക്ക, തെങ്ങ്, കമുക്, വാഴ, വാറ്റിനുപയോഗിക്കുന്ന വാഷ് എന്നിവ ലഭിക്കുന്നുണ്ട്.
വഴിക്കടവ്, മൂത്തേടം, കരുളായി, കാളികാവ്, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാർ, നിലമ്പൂർ, മമ്പാട് ഗ്രാമപഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തിയിലെ കർഷകരിൽ 90 ശതമാനവും പാട്ടഭൂമിയിലെ കർഷകരാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാല വിളകളാണ് ചെയ്തുവരുന്നത്. വാഴകൃഷിയാണ് അനുയോജ്യം. വാഴകൃഷി ഇപ്പോൾ അന്യമായിരിക്കുകയാണ്.
റബർ കൃഷിയിലേക്ക് കർഷകരിൽ ചിലർ ചുവടുമാറ്റിയെങ്കിലും അടുത്തിടെ ഇവയും കാട്ടാനകൾ നശിപ്പിക്കാൻ തുടങ്ങി. റബർമരത്തിന്റെ തൊലി ഉരിഞ്ഞ് തിന്നാണ് ആനക്കൂട്ടം നാശം വരുത്തുന്നത്. വഴിക്കടവ് റേഞ്ച് വനത്തിലെ പുഞ്ചക്കൊല്ലി റബർ പ്ലാന്റേഷനിലെ റബർ മരങ്ങൾ മിക്കതും ആനക്കൂട്ടം നശിപ്പിച്ചു. കൂട്ടമായെത്തുന്ന ആനകൾ സോളാർ വേലിയും തകർത്ത് തോട്ടം മേച്ചിൽപ്പുറമാക്കി മാറ്റി. സൗണ്ട് ബോക്സിൽ പാട്ട് കേൾപ്പിച്ചും പന്തം കൊളുത്തിയും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചും ആനകളെ പണ്ടുള്ളവർ വിരട്ടിയോടിച്ചിരുന്ന കാലം മാറി. ഇപ്പോൾ റബർ ബുള്ളറ്റ് ഉപയോഗിച്ചാൽപോലും കാട് കയറാൻ കരിവീരന്മാർ കൂട്ടാക്കുന്നില്ല.
കൃഷി നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷകൾ രണ്ട് വർഷമായി വനം ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. കാട്ടുമൃഗശല്യം മൂലമുള്ള കൃഷിനാശത്തിന് വനം വകുപ്പിൽനിന്ന് നഷ്ടപരിഹാരത്തിന് നിലവിൽ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ നൽകാം. അപേക്ഷകളുടെ മാതൃക ഇന്റർനെറ്റിലുണ്ട്. അപേക്ഷ നൽകുന്നതിനുമുമ്പ് കൃഷിനാശത്തെക്കുറിച്ച് വനപാലകരെ അറിയിക്കണം. കൃഷിയിടം വനപാലകർ സന്ദർശിക്കണം. കൃഷിയുടെ സ്വഭാവം, തരം, എണ്ണം അല്ലെങ്കിൽ വ്യാപ്തി, കൃഷിഭൂമിയുടെ കൈവശരേഖ, അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ്, അംഗീകൃത ബാങ്കുകളിലെ അക്കൗണ്ട് നമ്പർ എന്നിവ നിർബന്ധമായും അപേക്ഷേയാടൊപ്പം വേണം. ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം ഇതിന്റെ പകർപ്പ് നേരിട്ട് അതത് മേഖലയിലെ വനം വകുപ്പിന് നൽകുകയും വേണം.
നഷ്ടപരിഹാരത്തുക വർധിപ്പിട്ടുണ്ട്. എന്നാൽ, വനം ഉദ്യോഗസ്ഥരിൽ പലരും ഹാജരാക്കേണ്ടവയിൽ മറ്റു ചില രേഖകൾകൂടി വേണമെന്ന് നിർബന്ധമായും ചട്ടം കെട്ടുന്നുണ്ട്. പാട്ടഭൂമിയിലെ കൃഷിനാശത്തിന് വഴിക്കടവിലെ ഒരു വീട്ടമ്മ നൽകിയ അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തിൽ നോട്ടറി വക്കീലിന്റെ സാക്ഷ്യപത്രം വേണമെന്ന് ആവശ്യപ്പെട്ടു. വഴിക്കടവ് റേഞ്ചിലെ മറ്റു ചില കർഷകരോടും റേഞ്ച് തലത്തിൽനിന്ന് നോട്ടറി വക്കീലിന്റെ സാക്ഷ്യപത്രം വേണമെന്ന് നിർബന്ധം പറഞ്ഞു. കൃഷി ചെയ്യാൻ പാട്ടത്തിന് ഭൂമി അനുവദിച്ച ഭൂവുടമ ഇതിന് തയാറാവാത്തതിനാൽ വഴിക്കടവ് റേഞ്ചിലെ പല കർഷകർക്കും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.