അടിമാലി: ‘കാട്ടാനകളെ ഭയന്ന് എത്ര നാൾ ഇങ്ങനെ ജീവിക്കാനാകും? പകലെന്നില്ല, രാത്രിയെന്നില്ല, എപ്പോൾ വേണമെങ്കിലും കാട്ടാനയുടെ മുന്നിൽപെടാം. ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടും.’ മൂന്നാറിലെ തോട്ടം തൊഴിലാളികൾ പറയുന്നതാണിങ്ങനെ. അത്രക്ക് ആശങ്ക നിറഞ്ഞ അവസ്ഥയിലാണ് വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ.
ചുറ്റോടു ചുറ്റും തേയിലക്കാട്. പിന്നെ വനമാണ്. കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, കേഴ, പന്നി, കടുവ, പുലി തുടങ്ങിയ മൃഗങ്ങൾ വസിക്കുന്ന ഈ പ്രദേശം ദേവികുളം ഫോറസ്റ്റ് ഡിവിഷനിൽപെടുന്നതാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം പകൽപോലും ഇറങ്ങി നടക്കാനാകാത്ത അവസ്ഥ. ഇവയുടെ ഭീഷണി നിരന്തരമായതോടെ വിദ്യാർഥികളെ സ്കൂളിൽ വിടാതെയും തൊഴിൽ ഉപേക്ഷിച്ചും കഴിയുന്നവർ നിരവധി. പരാതി നൽകിയാലും തിരിഞ്ഞുനോക്കാത്ത വനം വകുപ്പിന്റെ നിസ്സംഗത.
കാട്ടിലെ നീർച്ചാലുകൾ വറ്റിയതോടെ കാട്ടാന അടക്കമുള്ള മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാട്ടാനകൾ റോഡ് വക്കിൽ നിൽക്കുകയാണെങ്കിൽ വാഹനങ്ങൾക്കു നേർക്കു തിരിയുന്ന സംഭവങ്ങൾ പലതായി. കാട്ടാനകളെ ഭയന്ന് പകലാണെങ്കിലും രാത്രിയാണെങ്കിലും ഒന്നിലധികം വാഹനയാത്രക്കാർ ഒന്നിച്ചാണ് റോഡ് വഴി സഞ്ചരിക്കുന്നത്. ഏറ്റവും ഒടുവിൽ സിമന്റ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ രാത്രി സെവൻമലയിൽ മുനിയാണ്ടി, പാൽ രാജ് എന്നിവർ കാട്ടാനയുടെ മുന്നിൽപെടുകയും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽനിന്നു രക്ഷനേടാനുള്ള ഏക ആശ്രയം ഒന്നിച്ചുള്ള യാത്ര മാത്രമാണെന്നാണ് വനം വകുപ്പ് അധികൃതർ ഉൾപ്പെടെയുള്ളവർ പറയുന്നത്. സ്കൂൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പരസഹായത്തോടെ വേണം സ്കൂളിൽ പോകാൻ.
അടിമാലി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാന സൊസൈറ്റി കുടിയിൽ പ്രവർത്തിക്കുന്ന റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ഭിത്തി ഇടിച്ച് തകർത്ത ശേഷം രണ്ട് ചാക്ക് അരി അകത്താക്കിയാണ് മടങ്ങിയത്. തൊട്ടടുത്താണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ആനയുടെ ചിന്നംവിളിയും റേഷൻ കട തകർക്കുന്നതും കുട്ടികളെ ഭയത്തിലാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് ആന മടങ്ങിയ ശേഷമാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.
ഒരു മാസമായി കാട്ടാന ശല്യം തുടരുന്ന ഇവിടെ രണ്ട് ദിവസമായി വൈദ്യുതിയും ഇല്ല. ഏലം ഉൾപ്പെടെ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
അടിമാലി: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം തിരികെ ആദിവാസിക്കുടിയിലേക്ക് പോയ ജീപ്പിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കുറത്തിക്കുടി ആദിവാസി കോളനിയിലെ റജു ഗോപിയുടെ വാഹനത്തിന് നേരെയാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. ഇളംബ്ലാശ്ശേരി -കുറത്തിക്കുടി പാതയിൽ അവറുകുട്ടിയിലാണ് സംഭവം. ജീപ്പിന് കേടുപാടുകൾ സംഭവിച്ചു.
പീരുമേട്: കൃഷിയിടത്തിലിറങ്ങിയ കാട്ടാന കൃഷി പൂർണമായും നശിപ്പിച്ചു. ട്രഷറി ഓഫിസിന് സമീപം താമസിക്കുന്ന പൂമല മുഹമ്മദ് ഇന്ദ്രീസിന്റെ പുരയിടത്തിലെ തെങ്ങ്, വാഴ, കമുക് കൃഷികളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചിന് ചുറ്റുമതിലുള്ള പുരയിടത്തിൽ കയറി വീടിനോട് ചേർന്നുള്ള കൃഷിയാണ് നശിപ്പിച്ചത്. ശബ്ദം കേട്ട് വീട്ടിലുള്ളവർ ടോർച്ച് തെളിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തെങ്കിലും കൃഷി പൂർണമായി നശിപ്പിച്ചാണ് ആന മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.