തൃശൂർ: ടെൻഡറില്ലാതെ നടപ്പാക്കുന്ന കാറ്റാടി പദ്ധതി കെ.എസ്.ഇ.ബിക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ട്. 2016 ജനുവരിയിൽ 8.40 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികളിൽനിന്നുള്ള ഊർജം യൂനിറ്റിന് 5.43 രൂപക്ക് വാങ്ങാൻ കെ.എസ്.ഇ.ബി സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് കംട്രോളർ-ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിൽ വിമർശിക്കപ്പെട്ടത്.
100 കിലോവാട്ടിൽ കൂടുതൽ ശേഷിയുള്ള പാരമ്പര്യേതര ഊർജ പദ്ധതികൾ ടെൻഡർ നടപടിയിലൂടെ സുതാര്യമായി മാത്രമേ നടത്താവൂവെന്നാണ് ഓഡിറ്റ് ശിപാർശ. കേന്ദ്ര മന്ത്രാലയം പാരമ്പര്യേതര ഊർജ മാർഗങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് നിശ്ചയിച്ച ശരാശരി നിരക്ക് 2.64 -3.46 രൂപയായിരുന്നു. കൂടുതൽ തുകക്ക് ഏറ്റെടുത്തതുവഴി 6.60 കോടി രൂപയുടെ അധികചെലവും 13 വർഷ കരാർ കാലയളവിൽ 10.30 കോടിയുടെ ബാധ്യതയും വരുത്തിയെന്ന പരാമർശവും ഓഡിറ്റ് വിലയിരുത്തലിലുണ്ട്.
2017 ജൂലൈ വരെ കെ.എസ്.ഇ.ബിക്ക് പാരമ്പര്യേതര ഊർജ മേഖയിൽ ടെൻഡർ നടപടിക്ക് നിർദേശിച്ചിട്ടില്ലെന്ന മറുപടിയാണ് കെ.എസ്.ഇ.ബിയിൽനിന്ന് ലഭിച്ചതെന്ന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾ പാരമ്പര്യേതര ഊർജ മാർഗങ്ങളിൽനിന്ന് നിശ്ചിത ശതമാനം വാങ്ങണമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം നിർദേശിക്കുന്നുണ്ട്.
അതേസമയം, പ്രതിവർഷം ശരാശരി 200 കോടി യൂനിറ്റ് അധിക വൈദ്യുതി കേന്ദ്ര പൂളിലേക്ക് തിരിച്ചടക്കുന്നുവെന്ന യാഥാർഥ്യവുമുണ്ട്. പകൽ സമയങ്ങളിൽ ഊർജ ഉൽപാദനം കൂടുതലും രാത്രികാലങ്ങളിൽ വൈദ്യുതിക്കമ്മിയുമാണ് സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധി. ഈ അവസ്ഥയുള്ളപ്പോഴാണ് കേന്ദ്രം നിർദേശിക്കുന്ന അനുപാതത്തിൽ പാരമ്പര്യേത ഊർജത്തിനായി കോടികൾ സംസ്ഥാനത്തിന് ചെലവിടേണ്ടി വരുന്നത്. അതിന് പുറമെയാണ് ദീർഘകാല കരാറായി പാരമ്പര്യേതര വൈദ്യുതി കോടികൾ മുടക്കി വാങ്ങുന്നത്.
പ്രതിസന്ധി മറികടക്കാൻ യൂനിറ്റിന് ഒരു രൂപ നിരക്കിൽ ഇൻസെന്റിവ് നൽകി റിന്യുവബ്ൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി ഹാജറാക്കിയാൽ ഈ ബാധ്യതയിൽനിന്ന് രക്ഷനേടാമെന്ന വഴിയും ഊർജ മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യം പരിഗണിക്കാതെയാണ് യൂനിറ്റിന് 5.43 രൂപക്ക് വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനിച്ചതെന്നത് സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.