കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാർച്ച് ആറിലേക്ക് മാറ്റി. പറവൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, ഫയാസ്, സിയാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി കൗസർ എടപ്പകത്ത് വിധി പറയാൻ മാറ്റിയത്. പ്രതികൾക്ക് നിരോധിത സംഘടനയായ െഎ.എസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഇക്ട്രോണിക് തെളിവുകളുടെ പരിശോധനയുടെ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് എൻ.െഎ.എ കോടതിയെ അറിയിച്ചത്.
അതേസമയം, ഇത് യു.എ.പി.എ ചുമത്തേണ്ട ഒരു കേസല്ലെന്നും വിവാഹത്തെത്തുടർന്നുള്ള അസ്വാരസ്യങ്ങൾ മാത്രമാണ് കേസിലുള്ളതെന്നും പ്രതിഭാഗവും കോടതിയിൽ ബോധിപ്പിച്ചു. താൻ ഇസ്ലാം മതം സ്വീകരിച്ചതും റിയാസിനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് യുവതി തന്നെ ഹൈകോടതിയെ നേരത്തേ അറിയിച്ചിട്ടുള്ളതാണെന്നും ആരോപിക്കപ്പെടുന്നതുപോലെ നിർബന്ധിത മതപരിവർത്തനം അല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇരുഭാഗം വാദവും പൂർത്തിയായതിനെത്തുടർന്നാണ് കോടതി കേസ് വിധി പറയാനായി മാറ്റിയത്. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് കേസിലെ പരാതിക്കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.