അഞ്ച് പതിറ്റാണ്ടിന്‍െറ അപൂര്‍വ സൗഹൃദം, ഇവര്‍ കലാലയമുറ്റമിറങ്ങുന്നു

അങ്ങാടിപ്പുറം: സ്കൂളിലും കോളജിലുമൊക്കെ കൂടെ പഠിച്ചവര്‍ ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകാത്തവരുണ്ടാകില്ല. എത്ര കൂട്ടിപ്പിടിക്കാന്‍ ശ്രമിച്ചാലും ആ സൗഹൃദങ്ങള്‍ നമ്മില്‍നിന്ന് അറിയാതെ വഴുതിപ്പോയ്ക്കൊണ്ടിരിക്കും. എന്നാല്‍, ഒരു അപൂര്‍വ സൗഹൃദത്തിന്‍െറ കഥ പറയാനുണ്ട് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികമാരായ ഈ നാല്‍വര്‍ സംഘത്തിന്. ഒരുമിച്ച് പഠിച്ചും പഠിപ്പിച്ചും ഇവരുടെ സൗഹൃദം കാലം വിളക്കിച്ചേര്‍ത്തുവെച്ചത് കുറച്ചു വര്‍ഷങ്ങളല്ല, അഞ്ച് പതിറ്റാണ്ടാണ്.

ഒരു സ്കൂളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍ അതേ സ്കൂളില്‍ 35 വര്‍ഷത്തോളം അധ്യാപകരായി സേവനം ചെയ്തുവെന്ന ഭാഗ്യമാണിവര്‍ക്ക് ലഭിച്ചത്. അധ്യാപന ജീവിതത്തില്‍നിന്ന് പടിയിറങ്ങുമ്പോഴും അപൂര്‍വത ഇവരെ കൈവിട്ടില്ല. നാലുപേരും സ്കൂളിലെ അധ്യാപന ജീവിതം അവസാനിപ്പിക്കുന്നതും ഒരേ ദിവസമാണ്. അങ്ങാടിപ്പുറം സ്വദേശികളായ കെ. സൗമിനി, കെ.എം. രമ, വി.പി. ഇന്ദിര, എം. സാവിത്രി എന്നിവരാണ് ഒരേ ദിവസം സ്കൂളിന്‍െറ പടിയിറങ്ങുന്നത്. ചൊവ്വാഴ്ച സ്കൂളില്‍ നടന്ന സ്നേഹവിരുന്നില്‍ പങ്കെടുക്കാന്‍ ഇവരെ പഠിപ്പിച്ച അധ്യാപകരും എത്തിയപ്പോള്‍ അത് മറ്റൊരു അപൂര്‍വ സംഗമത്തിനും വേദിയായി. 1966ലാണ് നാലുപേരും അങ്ങാടിപ്പുറം തരകന്‍ സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നത്.

1976ല്‍ എസ്.എസ്.എല്‍.സി ബാച്ച് വരെ ഒരേ ബെഞ്ചിലിരുന്ന് അറിവ് നുകരുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു. തുടര്‍പഠനത്തിനായി പല കോളജുകളിലേക്ക് വഴിമാറിപ്പോയെങ്കിലും അപ്രതീക്ഷിതമായായിരുന്നു കാലം അവരുടെ സൗഹൃദത്തെ വീണ്ടും വിളക്കിച്ചേര്‍ത്തത്. പഠനം പൂര്‍ത്തിയാക്കി അധ്യാപകരായി തിരിച്ചത്തെിയത് മാതൃവിദ്യാലയത്തിലേക്കുതന്നെ.

മാസങ്ങളുടെ വ്യത്യാസത്തില്‍ നാലുപേരും ഇതേ സ്കൂളില്‍ അധ്യാപകരായി ജോലിയില്‍ പ്രവശിച്ചു. ഇന്ദിരയും സൗമിനിയും ഹൈസ്കൂള്‍ വിഭാഗത്തിലും സാവിത്രി, രമ എന്നിവര്‍ എല്‍.പി വിഭാഗത്തിലും ജോലി ചെയ്തു. ‘‘വിദ്യാലയം ഞങ്ങള്‍ക്ക് സ്വന്തം വീടായിരുന്നു, ഇവിടുത്തെ കുട്ടികള്‍ സ്വന്തം മക്കളും. സ്കൂളില്‍നിന്ന് പടിയിറങ്ങുന്നത് വലിയൊരു വേര്‍പാട് തന്നെയാണ്.

എന്നാല്‍, ഞങ്ങളുടെ സൗഹൃദവും സ്നേഹവുമെല്ലാം തുടര്‍ന്നും ഇതുപോലെയുണ്ടാകും. എന്ത് തീരുമാനങ്ങളെടുക്കുമ്പോഴും നാലുപേരും കൂടിയാലോചിക്കുന്ന പതിവ് ഇതുവരെ തെറ്റിച്ചിട്ടില്ല’’ -അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒരുമയുടെ പര്യായമായി ജീവിച്ചവര്‍ക്ക് ഒരേസ്വരം. മാര്‍ച്ച് 31നാണ് ഇവര്‍ അധ്യാപന ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്.

Tags:    
News Summary - women's day 2017 special angadipuram school teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.