മോദിയെ വിമര്‍ശിക്കുന്ന അതേ ഭാഷയില്‍ യെച്ചൂരിക്ക് പിണറായി വിജയനെയും വിമര്‍ശിക്കേണ്ടി വരും -വി.ഡി. സതീശൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗരപ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്.

കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്. എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വര്‍ഗങ്ങള്‍ക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സി.പി.എം അധികാരം കിട്ടിയപ്പോള്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിന്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സി.പി.എമ്മിന്‍റെ ഔദ്യോഗിക പ്രതികരണം. എന്തിനാണോ മോദിയെ വിമര്‍ശിക്കുന്നത്, അതേ ഭാഷയില്‍ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമര്‍ശിക്കേണ്ടി വരും.

ഞാന്‍ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുകയാണ്. നാളെ നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട തുടര്‍ സമരം തീരുമാനിക്കും. പാരിസ്ഥിതികമായ ആഘാതം കേരളത്തെ മുഴുവന്‍ ബാധിക്കും. സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം ഒന്നാകെയാണ് പദ്ധതിയുടെ ഇരയായി മാറുന്നത്.

പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍

പൊലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഓരോ ജില്ലയിലും താലൂക്കുകളിലും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന്​ വി.ഡി. സതീശൻ പറഞ്ഞു. ഒറ്റപ്പെട്ട സംഭവം എന്ന വാക്കു തന്നെ പൊലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അഹങ്കാരത്തിന് കൈയു കാലും വെച്ച ചില നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ കേള്‍ക്കില്ല.

പഴയ സെല്‍ഭരണത്തിന്‍റെ പുതിയ രൂപമാണിത്. ഒരു സ്റ്റേഷനില്‍ പോലും പരാതിയുമായി സ്ത്രീകള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കേരള ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പൊലീസ് സേന. ഗുണ്ടകളും പൊലീസും വര്‍ഗീയവാദികളും അഴിഞ്ഞാടുകയാണ്. ആരെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.

സി.പി.എം അനുഭാവികള്‍ സ്റ്റേഷനുകളിലെ റൈട്ടര്‍ പദവി ഏറ്റെടുക്കാത്തതിനാല്‍ ആര്‍.എസ്.എസുകാര്‍ ആ സ്ഥാനത്ത് കയറി ഇരിക്കുകയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പൊലീസില്‍ സംഘ്​പരിവാറും പാര്‍ട്ടിയില്‍ എസ്.ഡി.പി.ഐയും നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസിനെ രാഷ്ട്രീയമായി വേര്‍തിരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി പോലും ശ്രമിക്കുന്നത്. രാഷ്ട്രീയവത്ക്കരിച്ചതിന്‍റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

വി. മുരളീധരന്‍ ഏറ്റവും നല്ല ഇടനിലക്കാരന്‍

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒരു കാര്യത്തിലും ബി.ജെ.പിക്ക് ഒരു അഭിപ്രായവുമില്ല. രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാറിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കുകയാണ്. കുഴല്‍പ്പണ വിവാദം ഒറ്റ ബി.ജെ.പിക്കാരന്‍ പ്രതിയാകാതെ എങ്ങനെയാണ് അവസാനിച്ചത്? ആര്‍ക്കു വേണ്ടിയാണ് ആ പണം കൊണ്ടുവന്നത്? സി.പി.എം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു? കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഏറ്റവും നല്ല ഇടനിലക്കാരനാണ് -വി.ഡി. സതീശൻ ആരോപിക്കുന്നു.

കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയ മുരളീധരനോടും സുരേന്ദ്രനോടും കേരളം ഏറെ കടപ്പെട്ടിക്കുകയാണ്. ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കണ്ണൂര്‍ വി.സി നിയമനം നടന്നത് നിയമവിരുദ്ധമായാണ്. അക്കാര്യത്തില്‍ രണ്ടു കത്തുകള്‍ എഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം.

നിയമവിരുദ്ധ നടപടിക്ക് ഗവര്‍ണറും കൂട്ടുനിന്നു. പിന്നീട് അതു തെറ്റായിപ്പോയെന്ന് സമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് വി.സിയുടെ രാജി ആവശ്യപ്പെടുകയോ അല്ലെങ്കിലും നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു. ഇതൊന്നും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത ഗവര്‍ണര്‍ സര്‍ക്കാറിനെ സഹായിക്കുകയാണ്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാല്‍ വി.സി പുറത്താകും. എന്നാല്‍, സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്നു ഗവര്‍ണര്‍ പറയുന്നത്.

ഡി-ലിറ്റിന് ശുപാര്‍ശ ചെയ്‌തോയെന്ന് ഗവര്‍ണറോ സര്‍വകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവര്‍ണര്‍ ഇക്കാര്യം വി.സിയോട് ആവശ്യപ്പെട്ടത്. ചെവിയില്‍ പറയുകയല്ല വേണ്ടത്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തോ, സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്‌തോ എന്നൊക്കെയാണ് രമേശ് ചെന്നിത്തലയും ചോദിച്ചത്. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യാത്യാസം കണ്ടുപിടിക്കാന്‍ പറ്റാത്തതാണ് നിങ്ങളുടെ പ്രശ്‌നം. രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും ഒരേ നിലപാടാണ് -വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Yechury will have to criticize Pinarayi Vijayan in the same language as Modi - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.