തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോർപറേറ്റ് ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്‍റെ ചില്ലുകളും ജീവനക്കാരന്‍റെ വാഹനവും എറിഞ്ഞുതകർത്തു. സംഭവത്തിൽ രാജാജി നഗർ സ്വദേശി സൂരജിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ച നാലരയോടെയാണ് പ്രകോപനമില്ലാതെയുള്ള അക്രമം.
ആദ്യം ബിയർ കുപ്പി ഓഫിസിന് മുന്നിലെ വലിയ ഗ്ലാസിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരന്‍റെ കാർ കല്ലുകൊണ്ട് എറിഞ്ഞുതകർത്തു. അതിനുശേഷം ഓഫിസിന്‍റെ മുൻവശത്തെ കവാടത്തിനോട് ചേർന്ന സെക്യൂരിറ്റി കാബിൻ കല്ലുകൊണ്ട് തകർത്തു. ഒഴിഞ്ഞുമാറിയതുകൊണ്ടുമാത്രമാണ് സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത്. ഓഫിസിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് അക്രമം.
രണ്ടുമാസംമുമ്പും ഇയാളെ ഏഷ്യാനെറ്റ് ഓഫിസ് ആക്രമിച്ചതിന് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ജാമ്യത്തിൽ നിൽക്കെയാണ് മദ്യപിച്ച് തിങ്കളാഴ്ച പുലർച്ച വീണ്ടും ഓഫിസ് ആക്രമിച്ചത്. സുരക്ഷാ ജീവനക്കാരന്‍റെ ബഹളം കേട്ടെത്തിയ പരിസരവാസികളാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഓഫിസിലെ സുരക്ഷാജീവനക്കാരോടുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ഇയാളുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.