ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

പാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് തുടക്കമായിരിക്കെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ച് പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ. വഴിവിട്ട ഗ്രൂപ്പുകളിയും സാമ്പത്തിക ക്രമക്കേടുകളുമാണ് ഷാഫിക്കെതിരെ കഴിഞ്ഞദിവസം സദ്ദാം മാ​ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ വെട്ടാൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നേരിട്ട് ഇട​പെട്ടെന്നും ഷാഫി തന്റെ അപ്രമാദിത്വം സ്ഥാപിക്കാൻ തരംതാഴ്ന്ന ഗ്രൂപ്പിസം കളിക്കുകയാണെന്നും സദ്ദാം പറഞ്ഞു. നിലവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ തന്റെ പത്രിക തള്ളാൻ ഷാഫിയുടെ ഓഫിസിൽ നിന്നുള്ളയാളാണ് ചലാനടച്ച് പരാതി നൽകിയത്. തന്റെ പത്രിക തള്ളിയതോടെ എ ഗ്രൂപ് സ്ഥാനാര്‍ഥി വിപിന്‍ എതിരില്ലാതെ വിജയിച്ചു.

ജനാധിപത്യപരമായി മത്സരിച്ച് ജയിക്കാനുള്ള ഭയമാണ് ഷാഫിക്കും ഗ്രൂപ്പിനും. ഇതിനെതിരെ എ.ഐ.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നല്‍കും. നിയമ നടപടിയും സ്വീകരിക്കും. നഗരസഭയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ ഷാഫി നിരുത്സാഹപ്പെടുത്തിയിരുന്നു. നിയമസഭ തെരഞ്ഞടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ മറിച്ച കടപ്പാട് അദ്ദേഹത്തിനുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയഘോഷ് പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പിൽ മോശം ഉള്ളടക്കമുള്ള വിഡിയോ അയച്ച സംഭവത്തിൽ പരാതി നൽകും. ഷാഫി പറമ്പിലടക്കമുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈയിലുണ്ട്. ഇവ വൈകാതെ പുറത്തുവിടും. ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം പിന്തുണ തനിക്കുണ്ടെന്നും സദ്ദാം പറഞ്ഞു.

Tags:    
News Summary - Youth Congress Constituency President against Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.