തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി ഉപയോഗിച്ചതായി പൊലീസ് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. വ്യാജരേഖകള്‍ ഉണ്ടാക്കിയെന്നും ഗൗരവ സ്വഭാവമുള്ള കേസിൽ അന്വേഷണം തുടരുകയാണെന്നുമാണ് നൽകിയ റിപ്പോർട്ട്.
വ്യാജരേഖ കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു വരുകയാണ്. ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനും സൈബർ തെളിവുകള്‍ ശേഖരിക്കാനുമുള്ള അന്വേഷണം തുടരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴിയെടുക്കാൻ വീണ്ടും പൊലീസ് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേർക്ക് ജാമ്യം നൽകിയ സി.ജെ.എം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും പൊലീസ് തീരുമാനിച്ചു.
അന്വേഷണം കൂറേക്കൂടി മുന്നോട്ടുപോയ ശേഷം രാഹുലിനെ ചോദ്യം ചെയ്താൽ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. എന്നാൽ, അറസ്റ്റ് ചെയ്ത നാലുപേർക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് മ്യൂസിയം പൊലീസ് വ്യാഴാഴ്ച നോട്ടീസ് നൽകി. ശനിയാഴ്ച രാവിലെ 10ഓടെ ഹാജരായ രാഹുലിനെ കന്റോൺമെൻറ് അസി.കമീഷണറുടെ നേതൃത്വത്തിൽ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. പിടിയിലായവർ പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസുകാരും എ ഗ്രൂപ് പ്രവർത്തകരുമായതിനാലാണ് രാഹുലിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഇവരുമായുള്ള ബന്ധം കേന്ദ്രീകരിച്ചായിരുന്നു മൊഴിയെടുപ്പ്.
സംഘടനാ തെരഞ്ഞെടുപ്പിൽ ആരെങ്കിലും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചോയെന്ന് അറിയില്ലെന്നാണ് രാഹുൽ മൊഴി നൽകിയത്. പ്രതികളുമായി അടുപ്പമുണ്ടെന്ന നിലപാട് രാഹുൽ പൊലീസിനു മുന്നിലും ആവർത്തിച്ചു. അവർ വ്യാജരേഖയുണ്ടാക്കിയതായി അറിയില്ല. അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് രാഹുലിന്റെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.