തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുമെന്നും യൂത്ത് കോൺഗ്രസ്. പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ ഉൾപ്പെടെ മോശമായി പെരുമാറിയ സംസ്ഥാന നിർവാഹകസമിതിയംഗം വിവേക് എച്ച്. നായർക്കെതിരെ (ശംഭു പാൽക്കുളങ്ങര) പരാതി ലഭിച്ചിട്ടും മുക്കിയെന്ന ആരോപണത്തോട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി.
വിവേകിനെ യൂത്ത് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
ചിന്തൻ ശിബിർ ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത്‍ നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതർക്കത്തെയും, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിലാണ് സംഘടനാപരമായി നടപടി എടുത്തത്. യൂത്ത് കോൺഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കൊടുത്തത് കണ്ടു. അത് തീർത്തും അടിസ്ഥാനരഹിതമാണ് -പ്രസ്താവനയിൽ പറഞ്ഞു.
വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും. പൊലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉളള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല -യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
ചിന്തൻ ശിബിരത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് തിരുവനന്തപുരത്ത് കെ.എസ്.യു ജില്ല ഭാരവാഹിയായിരുന്ന വനിതാ നേതാവ് പരാതിപ്പെട്ടിരുന്നു.
മോശം പെരുമാറ്റത്തിന്‍റെ പേരിൽ അച്ചടക്ക നടപടി നേരിട്ട വിവേകിനെ സമീപകാലത്ത് യൂത്ത് കോൺഗ്രസിൽ തിരിച്ചെടുത്തെങ്കിലും അതേ നിലപാട് ആവർത്തിക്കുകയാണ്.
ചിന്തൻ ശിബിരത്തിലും മോശം പെരുമാറ്റമുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്യുന്നതായി കേരളത്തിന്‍റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചത്.
തലസ്ഥാനത്ത് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സമരങ്ങളിലും മറ്റ് പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു വിവേക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.