ബാലരാമപുരം: യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതികളെ ബാലരാമപുരം പൊലീസ് പടികൂടി. തേമ്പാമൂട്ടം കുടജാദ്രിയിൽ ആഞ്ജനേയൻ (24), തേമ്പാമുട്ടം വലിയവിള വീട്ടിൽ വിഷ്ണു (24) എന്നിവരെ ബാലരാമപുരം സി.ഐ ഡി. ബിജുകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാക്കുതർക്കത്തെ തുടർന്ന് ബൈക്കിലെത്തിയ കിളിമാനൂർ മലയമഠം പയ്യട മിച്ചഭൂമി (ആരൂർ ഗവൺമെൻറ് എൽ.പി.എസിന് സമീപം) വലിയവിള വീട്ടിൽ പരേതനായ ലക്ഷ്മണൻ ചെട്ടിർ-ബേബി ദമ്പതികളുടെയും മകൻ വിഷ്ണു (23) ആണ് മരിച്ചത്. ബാലരാമപുരം റസൽപുരത്ത് ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
വണ്ടന്നൂർ നെപ്ട്യൂൺ റെഡിമിക്സ് പ്ലാൻറിലെ ജീവനക്കാരായ വിഷ്ണുവും സുഹൃത്ത് ശ്യാമും ബാലരാമപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി തിരികെ പ്ലാൻറിലേക്ക് മടങ്ങവെയാണ് സംഘർഷമുണ്ടായത്. റസൽപുരം സിമൻറ് ഗോഡൗണിന് സമീപത്ത് എതിർദിശയിൽ നിന്നുവന്ന വാഹനത്തിലെ രണ്ടുപേർ ബൈക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വിഷ്ണുവിന്‍റെ നെഞ്ചിൽ കുത്തിയത്. വിഷ്ണുവിന്‍റെ ശരീരത്തിൽ പതിനഞ്ചിലെറെ മുറിപ്പാടുകളുണ്ടായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമായത്.
വ്യാഴാഴ്ച വൈകീട്ടോടെ വെടിവെച്ചാൻകോവിൽ ഭാഗത്തുനിന്ന് സി.ഐ ബിജുവിെൻറ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയിരുന്നു.ഒളിവിൽ കഴിയാൻ സഹായിച്ച സ്ത്രീക്കെതിരെയും നടപടിയുണ്ടാവാൻ സാധ്യതയുണ്ട്. വിഷ്ണുവിന്‍റെ കൈക്ക് ആക്രമണത്തിനിടെ പൊട്ടലുണ്ടായിരുന്നു. തുടർന്ന് നാഗർകോവിലിൽ ചികിത്സക്ക് പോയെങ്കിലും ഓപറേഷന് വേണ്ട പണം ഇല്ലാത്തതിനെ തുടർന്ന് തിരികെവന്നു. തുടർന്നാണ് പൊലീസ് പിടികൂടിയത്.
കൊലപാതകം നടത്തിയ ശേഷം ബൈക്കിലെത്തിയ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച് താമസസൗകര്യമൊരുക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാംപ്രതി റസൽപുരം നിഷാ ഭവനിൽ അജീഷ് (33), നാലാംപ്രതി റസൽപുരം തിയ്യന്നൂർകോണം നിധീഷ് ഭവനിൽ നിധിഷ് (25) എന്നിവരെ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.