തിരുവനന്തപുരം: യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘതത്തെ തുടർന്നാണ് അന്ത്യം. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഒക്ടോബർ 21നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 10 ദിവസങ്ങൾക്ക് ശേഷം പരിശോധന ഫലം നെഗറ്റീവായെങ്കിലും പ്രമേഹവും രക്തസമ്മർദ്ദവും കൂടിയതിനെത്തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. വൃക്കകൾ തകരാറായതിനെത്തുടർന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു.
എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ തിളങ്ങിയ ബിജു പാർലമെൻററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി വിദ്യാർഥി സമരങ്ങളുടെ ബുദ്ധികേന്ദ്രവും നായകനുമായിരുന്നു ഇദ്ദേഹം.
നിലവിൽ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ.ഐ ട്രഷററുമായിരുന്നു. തിരുവനന്തപുരം മേലാറ്റുകുഴി സ്വദേശിയായ ബിജു നിയമത്തിലും ജേണലിസത്തിലും ബിരുദം നേടിയിട്ടുണ്ട്.
ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി. ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിേൻറതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.