നെസ്‌കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിനെ തേടിയെത്തുമ്പോള്‍ ആകാശത്തിരുന്ന് റ്റാറ്റയും സന്തോഷിക്കുന്നുണ്ടാകണം.

ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്ന് ഉണ്ടാകുമെന്ന് എഴുതിയ റ്റാറ്റ, കോഴിക്കോടിനെ ഇമ്മിണി ബല്യ കോഴിക്കോട് എന്നു വിളിച്ച് അഭിനന്ദിക്കുന്നുണ്ടാവണം. അത്രമേല്‍ പ്രിയപ്പെട്ട നാടായിരുന്നു റ്റാറ്റക്ക് കോഴിക്കോട്.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഉൾപ്പെടെയുള്ള ഭരണസാരഥികളുടെ പ്രയത്നഫലമായാണ് ഈ സാഹിത്യ നഗരപദവി ലഭിച്ചത്. കോഴിക്കോടിന്‍റെ ഗസല്‍രാത്രികളും പാട്ടും സാഹിത്യചര്‍ച്ചകളും ഇവിടത്തെ ജനങ്ങളും... എല്ലാം ഇങ്ങനെയൊരു പദവി എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

നല്ല വായനക്കാരാണ് കോഴിക്കോട്ടെ ജനങ്ങള്‍. ഇവിടെ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ വേറെ എവിടെയും ഇല്ലാത്ത ജനബാഹുല്യം അത് തെളിയിക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ഒഴുകിനടക്കുന്നു. വേറെ ഒരു ദേശത്തും നമുക്കിത് അനുഭവപ്പെട്ടിട്ടില്ല.

എന്തിനേയും ആഘോഷമാക്കുന്നവരാണ് കോഴിക്കോട്ടുകാര്‍. സാഹിത്യവിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും പ്രചോദിപ്പിക്കുന്ന സ്വഭാവവിശേഷംകൂടി ഈ നാടിനുണ്ട് എന്നാണ് എന്‍റെ അനുഭവം. ഭക്ഷണവൈവിധ്യത്തിലും ഇവിടം വേറിട്ടുനില്‍ക്കുന്നു.

വര: വിനീത് എസ്. പിള്ള

റ്റാറ്റയുടെ സ്വന്തം നാട്

കോഴിക്കോടുമായുള്ള ബന്ധം തുടങ്ങുന്നത് റ്റാറ്റ ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുന്ന കാലത്താണ്. റ്റാറ്റ ചെയ്ത എന്തോ വികൃതിക്ക് ശിക്ഷയായി ബാപ്പ നല്ല അടികൊടുത്തു. അതില്‍ പിണങ്ങി വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നു. ആ പോക്ക് കോഴിക്കോട്ടേക്കായിരുന്നു.

അന്ന് എല്ലാവരും വിചാരിച്ചത് ബാപ്പയോട് പിണങ്ങി നാടുവിട്ടതാണെന്നാണ്. സത്യത്തില്‍ അതായിരുന്നില്ല കാര്യം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഉപ്പുസത്യഗ്രഹം നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു.

കോഴിക്കോട്ട് റ്റാറ്റക്ക് പരിചയമുള്ള ആള്‍ അല്‍അമീന്‍ ലോഡ്ജിലെ സെയ്തു മുഹമ്മദാണ്. ലോഡ്ജില്‍ ചെന്നപ്പോള്‍ ആള്‍ അവിടെ ഉണ്ടായിരുന്നില്ല. എന്നാലും ആ രാത്രി അവിടെ താമസിച്ചു. അവിടെവെച്ചാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ കാണുന്നതും പരിചയപ്പെടുന്നതും.

സത്യഗ്രഹത്തില്‍ പങ്കെടുത്തു. ഗാന്ധിജിയെ തൊട്ടു. സമരക്കാരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്തു. റ്റാറ്റയും അക്കൂട്ടത്തിലുണ്ടായിരുന്നു. കോടതി തടവിന് ശിക്ഷിച്ചു. പുതിയറ ജയിലിലേക്കാണ് റ്റാറ്റയെ കൊണ്ടുപോയത്. പിന്നീട് കണ്ണൂര്‍ ജയിലിലേക്ക് റ്റാറ്റയടക്കമുള്ളവരെ മാറ്റി.

കോടതി വിട്ടയച്ചപ്പോള്‍ റ്റാറ്റ എറണാകുളത്തേക്കുതന്നെ മടങ്ങി. 1936 വരെ റ്റാറ്റ ലോകംമുഴുവനും അലഞ്ഞുനടന്നു. എറണാകുളത്തുനിന്ന് കണ്ണൂര്‍, കാസര്‍കോട് കൊടക്, പൂനെ, ബോംബെ, കല്‍ക്കത്ത.... യാത്ര അഫ്ഗാനിസ്താന്‍ വരെ എത്തി എന്നാണ് റ്റാറ്റ പറയുന്നത്.

ഷാഹിന ബഷീർ

വന്നത് നാടകം എഴുതാന്‍

1958ലാണ് റ്റാറ്റ ഉമ്മച്ചിയെ കല്യാണം കഴിക്കുന്നത്. നാടകം എഴുതാന്‍ വേണ്ടി കോഴിക്കോട്ടെ ചങ്ങാതിമാര്‍ വിളിച്ചപ്പോള്‍ വന്നതാണ് റ്റാറ്റ. പി. ഭാസ്കരന്‍ മാഷ്, എം.ടി, എന്‍.പി. മുഹമ്മദ്, തിക്കോടിയന്‍, ഉറൂബ്... എല്ലാവരും ചേര്‍ന്ന് വിളിപ്പിച്ചതായിരുന്നു റ്റാറ്റയെ. കോഴിക്കോട്ടെത്തി നാടകരചന തുടങ്ങി.

ആ സമയത്ത് റ്റാറ്റയുടെ അനിയന്‍ അബുക്കൊച്ചാപ്പയെ (റ്റാറ്റയുടെ) ഉമ്മ പറഞ്ഞുവിട്ടു. കൂട്ടുകാരോട് ഒരു കാര്യം പ്രത്യേകം പറയാനായി വിട്ടതാണ്. റ്റാറ്റക്ക് പ്രായം ഏറിവരുകയാണ്. വിവാഹം ഇനി നീട്ടിക്കൂടാ. അതുകൊണ്ട് കോഴിക്കോട്ടുനിന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി റ്റാറ്റയെ കെട്ടിക്കണം.

ഉമ്മച്ചിയെ കണ്ടെത്തിയ കഥ

ഉമ്മച്ചിയെ കണ്ടെത്തിയതിലും കഥയുണ്ട്! മുല്ലവീട്ടില്‍ അബ്ദുറഹിമാനും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സ്റ്റുഡിയോയില്‍ പോയതായിരുന്നു. യാദൃച്ഛികമായി അവിടെ ഉമ്മച്ചിയുടെ ഫോട്ടോ കണ്ടു.

ഉമ്മച്ചി അന്ന് ടി.ടി.സിക്ക് പഠിക്കാന്‍ തിരൂര്‍ വെട്ടത്തുള്ള സ്കൂളില്‍ ചേര്‍ന്നിരുന്നു. അവിടെയുള്ള കൂട്ടുകാരികളോടൊപ്പം എടുത്ത ഫോട്ടോയായിരുന്നു. പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു. കോയക്കുട്ടി മാസ്റ്ററുടെ മോളാണെന്ന് അറിഞ്ഞു. അങ്ങനെയാണ് കല്യാണം നടക്കുന്നത്.

തലയോലപ്പറമ്പില്‍ മെയ്ന്‍ റോഡിന് തൊട്ടടുത്ത് 12 സെന്റ് സ്ഥലം വാങ്ങി അസ്ഹര്‍ കോട്ടേജ് എന്നൊരു വീടുണ്ടാക്കി, അവിടെ മീന്‍കുളവും പൂന്തോട്ടവും ഒരുക്കി താമസിച്ചു വരുമ്പോഴാണ് 1964ല്‍ ഉമ്മച്ചിയുടെ മാതാപിതാക്കള്‍ അടുത്തടുത്ത കാലയളവില്‍ മരിക്കുന്നത്. ഉമ്മച്ചിയുടെ അനിയന്മാരും അനിയത്തിമാരും ചെറിയ മക്കളായിരുന്നു.

വീട്ടില്‍ ഒറ്റക്കായപ്പോള്‍ അവരെ സംരക്ഷിക്കാനാണ് കോഴിക്കോട്ട് വരുന്നതും സ്ഥിരതാമസമാക്കുന്നതും. വൈലാലില്‍ രണ്ടേക്കര്‍ സ്ഥലമെടുത്ത് അവിടെ കൂട്ടുകുടുംബമായി താമസം തുടങ്ങി. ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് സംഘാംഗങ്ങള്‍ കടന്നുപോയി എന്ന് പറയപ്പെടുന്ന സ്ഥലമാണ് വൈലാലില്‍. വൈരാഗികള്‍ എന്നാണ് പട്ടാളത്തെ പറഞ്ഞിരുന്ന പേര്. വൈരാഗി ലോപിച്ചാണ് വൈലാലില്‍ ആയത് എന്നാണ് പറയപ്പെടുന്നത്.

റ്റാറ്റയുടെ സൗഹൃദങ്ങൾ

ഫറോക്കില്‍ ഉമ്മച്ചിയുടെ വീട്ടിലാണ് ഞാന്‍ ജനിക്കുന്നത്. വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും പ്രാധാന്യംകൊടുക്കുന്ന നാടാണ് കോഴിക്കോട്. ഇവിടത്തെ മനുഷ്യരുടെ ആതിഥ്യമര്യാദയും സ്നേഹവും നമ്മളെ വല്ലാതെ അടുപ്പിക്കും. പിന്നെ മനുഷ്യപ്പറ്റുള്ളവരുമാണ്. റ്റാറ്റയെയും കോഴിക്കോട്ടേക്ക് അടുപ്പിച്ചത് ഇതൊക്കെയാവണം.

ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട്ടുകാരനായ വി. അബ്ദുല്ല സാഹിബായിരുന്നു. പിന്നെ എസ്.കെ. പൊറ്റെക്കാട്ട്, പുനലൂര്‍ രാജന്‍, എന്‍.പി, എം.ടി, കെ.എ കൊടുങ്ങല്ലൂര്‍, വി.പി. മുഹമ്മദ്, വടേരി ഹസന്‍, പുതുക്കുടി ബാലന്‍, ബിച്ചാക്ക, സി.എന്‍. അഹ്‌മദ് മൗലവി, സി.എച്ച്. മുഹമ്മദ് കോയ, എം.എന്‍. കാരശ്ശേരി, കെ.ടി. മുഹമ്മദ്, (കെ.ടിയെ റ്റാറ്റ, മുഹമ്മദ് എന്നല്ല വിളിച്ചിരുന്നത്; മമ്മദേ എന്നാണ്.

എല്ലാര്‍ക്കും പ്രത്യേക പേരിടുന്ന ആളായിരുന്നു റ്റാറ്റ. ഡോ. മൊയ്തുവിനെ ടോ. മൊയ്തു; കെ.എ. കൊടുങ്ങല്ലൂരിനെ കൊടു എന്നും) ഉറൂബ്, തിക്കോടിയന്‍, യു.എ. ഖാദര്‍, പി.എന്‍.എം കോയട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍.ബി.എസ് ശ്രീധരേട്ടന്‍, വീരേന്ദ്രകുമാര്‍, എസ്.കെ. നായര്‍... തുടങ്ങി അക്കാലത്തെ എല്ലാ എഴുത്തുകാരുമായും വലിയ സൗഹൃദമുണ്ടായിരുന്നു.

കോഴിക്കോടിന്‍റെ മകളും മരുമകളുമാണ് ഞാന്‍. എന്‍.പി. മുഹമ്മദിന്‍റെ മകന്‍ അബു ഫൈസിയെയാണ് വിവാഹം കഴിച്ചത്. റ്റാറ്റയുടെ മരണശേഷം ഞങ്ങളുടെ കുടുംബത്തിന്‍റെ കാരണവരായിരുന്നു എന്‍.പി. അനിയന്‍ അനീസിന്‍റെ കല്യാണ നിശ്ചയത്തിന് കാരണവരായി നിന്നതും എന്‍.പിയാണ്. ബഷീറും എന്‍.പിയും മരിച്ച ശേഷമാണ് എന്‍റെ വിവാഹം നടക്കുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ച് 16 വര്‍ഷം കഴിഞ്ഞായിരുന്നു ഫൈസിയുമായുള്ള വിവാഹം.





Tags:    
News Summary - Shahina Basheer tells her father Vaikom Muhammad Basheer's Kozhikode experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.