മലയാളിയെപ്പോലെ മലയാളം പറയുന്ന മദാമ്മയെക്കുറിച്ച് ചിന്തിച്ചുനോക്കൂ.. എന്തു രസമായിരിക്കുമേല്ല? ഇഡലിയും ചമ്മന്തിയും കിലുക്കത്തിലെ കിട്ടുണ്ണിയെയും കേരളത്തിലെ പച്ചപ്പും ഇഷ്ടപ്പെടുന്നൊരാൾ അങ്ങ് ദൂരെ അമേരിക്കയിലുണ്ട്. മലയാളപ്രിയംകൊണ്ട് സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ് അപർണ മൾബെറി. തെളിനീർകണക്കെയാണ് അപർണയുടെ മലയാളം.
യോഗയും ആത്മീയതയും ഇഷ്ടപ്പെട്ട് കേരളത്തിലേക്ക് വിമാനം കയറിയവരാണ് അപർണയുടെ മാതാപിതാക്കൾ. അമേരിക്കയിൽ ജനിച്ചുവളർന്ന പ്രേമും വിനയയും കേരളത്തിലെത്തിയശേഷമാണ് ഈ പേരുകൾ സ്വീകരിച്ചത്. അവർ മകൾക്ക് അപർണയെന്നും പേരുനൽകി. അങ്ങനെ മൂന്നുവയസ്സു മുതൽ അപർണ തനി മലയാളിയായി. മാതാ അമൃതാനന്ദമയിയുടെ ശിഷ്യരായ പ്രേമും വിനയയും മകളെ കൊല്ലം പുതിയകാവ് അമൃതവിദ്യാലയത്തിൽ ചേർത്തു. പാട്ടും കഥകളുമൊക്കെയായി 12 വർഷമാണ് അപർണ കേരളത്തിലുണ്ടായിരുന്നത്. പിന്നീട് പിതാവിനൊപ്പം അമേരിക്കയിലേക്ക് തിരിച്ചുപോയി. എങ്കിലും മലയാളക്കരയോടുള്ള ബന്ധം അവൾ തുടർന്നു. മെയിലുകളായും പിറന്നാൾസന്ദേശങ്ങളായും സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചു. പിന്നെയൊരു 13 വർഷം അമേരിക്കയിലും സ്പെയിനിലുമായി കഴിഞ്ഞു.
തലതിരിഞ്ഞ തേങ്ങ
പല വാക്കുകളായി മറവി ബാധിച്ചുതുടങ്ങിയ മലയാളത്തെ വീണ്ടും പൊടിതട്ടിയെടുത്തത് കഴിഞ്ഞവർഷമാണ്. അമൃതാശ്രമത്തിലുള്ള അമ്മയെയും സുഹൃത്തുക്കളെയും കാണാനായി 2020ൽ കേരളത്തിൽ വരാനിരിക്കെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ യാത്ര മുടങ്ങി. വീണ്ടുമൊരു വിദ്യാരംഭം കണക്കെയാണ് മലയാളം സംസാരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. സൈബറിടത്തിലെ മലയാളികളാകെ 'ഇൻേവർട്ടഡ് കോക്കനട്ട്' എന്ന പേജ് നെഞ്ചിലേറ്റി. ഈ പേരിൽപോലുമുണ്ട് അൽപം കുസൃതി. അപർണയുടെതന്നെ ഭാഷയിൽ പറയുകയാണെങ്കിൽ തേങ്ങയുടെ ഉള്ളിലാണ് വെള്ളയെങ്കിൽ വെള്ളക്കാരിയായ തെൻറ ഉള്ളിൽ നിറയെ മലയാളിത്തമാണ്, അതുകൊണ്ടാണ് തലതിരിഞ്ഞ തേങ്ങയുടെ പേരിൽ പേജ് തുടങ്ങിയത്. ''നിങ്ങൾ മലയാളം സംസാരിക്കുന്നതു കേൾക്കുേമ്പാൾ കൊതിയാവുന്നു'' എന്ന കമൻറായിരിക്കും ഒരുപക്ഷേ അപർണക്ക് ഏറ്റവും കൂടുതൽ ലഭിച്ചത്. തെൻറ ഇൻബോക്സിൽ മലയാളം മിണ്ടാനെത്തിയ എല്ലാവർക്കും അവർ മറുപടി നൽകി. മലയാളത്തിൽ പാട്ടുകൾ പാടി, ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചു, സിനിമയെക്കുറിച്ച് പറഞ്ഞു, ഇടക്ക് കാഴ്ചപ്പാടും നിലപാടുകളും വിഷയമായെത്തി.
നാട്ടിലെത്തിയ വിദേശികളോട് കമൻറ് പറയുകയും കളിയാക്കുകയും ചെയ്യുേമ്പാൾ മുറിമലയാളത്തിൽ മറുപടി പറയുന്ന മദാമ്മമാരുടെയും സായിപ്പന്മാരുടെയും രംഗങ്ങൾ ഒരുപാട് മലയാള സിനിമകളിലുണ്ട്. പച്ചവെള്ളംപോലെ മലയാളം പറയുന്ന അമേരിക്കക്കാരിയെ കണ്ടും കേട്ടും ഞെട്ടിയവർ ഒരുപാടാണ്. വർഷാവർഷം കേരളത്തിലെത്തുേമ്പാൾ 'ഒന്നു പുതിയകാവുവരെ പോകാമോ ചേട്ടാ' എന്ന് കേൾക്കുേമ്പാൾ ഞെട്ടുന്ന ഓട്ടോചേട്ടന്മാരും അൽപംകൂടി കറി ഒഴിക്കുവെന്ന് പറയുേമ്പാൾ ഞെട്ടുന്ന ഹോട്ടലുകാരും പിന്നീട് അപർണയുമായി കൂട്ടുകൂടാെനത്തി. റെയിൽവേ സ്റ്റേഷനുകളിലും കടകളിലുമെത്തുേമ്പാൾ ഭാഷയറിയില്ലെന്ന് കരുതി കമൻറ് അടിക്കുന്നവർ മദാമ്മയുടെ തെളിമലയാളംകേട്ട് അന്തംവിട്ട കഥകൾ പറയുേമ്പാൾ ഭാഷയൊന്നുമില്ലാത്ത മട്ടിൽ അപർണ ചിരിച്ചു.
ഇഡലിയും ചമ്മന്തിയും തേടി
കേരളത്തിൽനിന്ന് മടങ്ങിയിട്ടും അപർണയെ വിടാതെ പിന്തുടരുന്നത് ഇവിടത്തെ രുചികളാണ്. ഇഡലിലും ചമ്മന്തിയും കേരളസദ്യയുമെല്ലാം ഇന്നും മനസ്സിലുണ്ട്. അേമരിക്കയിലും സ്പെയിനിലും അടക്കം 30ലധികം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യൻ ഭക്ഷണം പലയിടത്തും ലഭിക്കുമെങ്കിലും സൗത്തിന്ത്യൻ രുചിക്ക് അൽപം ബുദ്ധിമുട്ടണമെന്നാണ് അപർണയുടെ അനുഭവം. ഒരിക്കൽ ഇഡലിയും ചമ്മന്തിയും തേടി സൗത്ത് ഫ്രാൻസിൽനിന്ന് പാരിസ് വരെ ആറു മണിക്കൂർ ട്രെയിൻയാത്ര നടത്തി അപർണ. ഹോട്ടൽ ശരവണഭവന് സമീപമുള്ള ഹോട്ടലിൽ താമസമാക്കി ഒരാഴ്ച നിറയെ സൗത്ത് ഇന്ത്യൻ ഭക്ഷണവും അകത്താക്കിയാണ് മടങ്ങിയത്.
വർഷങ്ങൾക്കുശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ അപർണയെ തേടിയെത്തിയത് കടുത്ത മാനസികസംഘർഷങ്ങളായിരുന്നു. പുതിയ കൂട്ടുകാർ, ഭാഷ, അന്തരീക്ഷം... മൂന്നുവയസ്സുകാരിയായി കേരളത്തിലെത്തുേമ്പാൾ അനുഭവിച്ച അപരിചിതത്വത്തിെൻറ ഇരട്ടിയാണ് അമേരിക്കയിൽ അനുഭവപ്പെട്ടത്. അച്ഛെൻറ വാക്കുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഹൃദയത്തോടുചേർന്ന ഇന്ത്യയെ ഉള്ളിലിരുത്തിയാണ് അപർണ ഇത് മറികടന്നത്. അമേരിക്കൻ സംസ്കാരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്ത്യൻ വസ്ത്രങ്ങളും ഭക്ഷണവും സംസാരവുമെല്ലാം മാറ്റിവെക്കേണ്ടിവന്നു. പക്ഷേ, ഹൃദയത്തിൽ പതിഞ്ഞ മലയാളം മറന്നില്ല.
നിലവിൽ സൗത്ത് ഫ്രാൻസിൽ ഇംഗ്ലീഷ് അധ്യാപികയാണ് അപർണ. ഓൺലൈനിലടക്കം 3500ലധികം വിദ്യാർഥികളാണ് അപർണയുടെ ശിഷ്യരായുള്ളത്. ജോലിത്തിരക്കിനിടയിലും മലയാളം എഴുതിയും പറഞ്ഞും സമൂഹമാധ്യമങ്ങളിൽ സജീവമാണ് അപർണ. ഏതു ലോകത്തു പോയാലും കേരളത്തിെൻറ ഒരു ശകലമെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കണമെന്നാണ് അപർണയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.