മോളി ജോയ് തന്‍റെ കടയിൽ. ചിത്രങ്ങൾ: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി



മോളി ജോയ് എന്ന 62കാരി 12 വർഷത്തിനിടെ 16 രാജ്യങ്ങൾ സന്ദർശിച്ചത് പലചരക്ക് കടയിലെ വരുമാനംകൊണ്ട്

ജീവിത പ്രാരബ്ധങ്ങൾക്കിടെ ദൈനംദിന ചെലവുകൾക്ക് കഷ്ടപ്പെട്ട ഒരു വീട്ടമ്മയെ ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചത് ആരാണ്? കാതങ്ങൾക്കപ്പുറത്തെ ലോകാത്ഭുതങ്ങളുടെ ചാരത്തേക്ക് അവരെ വഴിനടത്തിയ വിസ്മയത്തെ എന്തു പേരിട്ട് വിളിക്കണം?

ആകസ്മികമെന്നോ ഭാഗ്യമെന്നോ ചുരുക്കിയെഴുതിയാൽ മതിയാകില്ല മോളി ജോയ് എന്ന വീട്ടമ്മയുടെ യാത്രകൾ അടയാളപ്പെടുത്താൻ. അവർ താണ്ടിയ ദൂരങ്ങൾ ചരിത്രമാണ്. അവർ പറന്ന ഉയരങ്ങൾ വിധിയെപ്പഴിച്ച് സ്വയം ചുരുങ്ങുന്നവർക്ക് പ്രചോദനമേകുന്നതാണ്. സഞ്ചരിച്ച് നേടിയ അവരുടെ അനുഭവങ്ങൾ തലമുറകൾക്ക് വഴിവിളക്കാണ്.

എറണാകുളം ജില്ലയിലെ ചിത്രപ്പുഴയെന്ന സാധാരണ നാട്ടിൻപുറത്ത് താമസിക്കുന്ന മോളി ജോയ് എന്ന 62കാരിയായ വീട്ടമ്മ 12 വർഷത്തിനിടെ സഞ്ചരിച്ചത് 16 രാജ്യങ്ങളാണ്. സ്വന്തം പലചരക്ക് കടയിൽനിന്ന് കിട്ടുന്ന വരുമാനം ഉൾപ്പെടെ ചേർത്തുപിടിച്ചാണ് യാത്രയെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കുന്നത്.

ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിങ്ങനെ നീളുന്നു മോളി സഞ്ചരിച്ച രാജ്യങ്ങളുടെ പട്ടിക. 51 വയസ്സുള്ളപ്പോൾ വിദേശയാത്രകൾ ആരംഭിച്ച മോളി 58ാം ജന്മദിനം ലണ്ടനിലാണ് ആഘോഷിച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചെറുപ്പകാലവും ഭർത്താവിന്‍റെ വേർപാടുമൊക്കെ നീറ്റലായി ഉള്ളിലുള്ളപ്പോൾതന്നെ മക്കളെ നല്ലനിലയിൽ വളർത്താൻ അവർക്കായി.

എറണാകുളം ചിത്രപ്പുഴയിലെ ചെറിയ പലചരക്ക് കടയിലിരുന്ന് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് സ്വപ്നങ്ങൾ സ്വന്തമാക്കിയ കഥപറയുകയാണ് മോളി ജോയ്.

മോളി ജോയ്


കഷ്ടപ്പാടുകളുടെ ബാല്യം

18 വയസ്സിനുശേഷമാണ് താൻ വയറുനിറച്ച് ഭക്ഷണം കഴിച്ചതെന്ന് പറയുമ്പോൾ മോളിയുടെ വാക്കുകളിൽ നിറഞ്ഞത് നീറുന്ന ജീവിതാനുഭവങ്ങളാണ്. തിരുവാങ്കുളത്തെ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കരിങ്കല്ല് പണിക്കാരനായിരുന്നു പിതാവ്. കുടുംബത്തെ പ്രയാസപ്പെടുത്താതെ പരിപാലിക്കാൻ അങ്ങേയറ്റം കഷ്ടപ്പെട്ട് പണിയെടുത്തയാളായിരുന്നു അദ്ദേഹം. എങ്കിലും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറെ പാടുപെട്ടിരുന്നു.

ചെറുപ്പത്തിൽ വീട്ടിൽ കിട്ടിയിരുന്നതും ഇപ്പോൾ കടയിലുള്ളതുമായ ആനുകാലിക പ്രസിദ്ധീകരണങ്ങളാണ് യാത്രയെ ഇഷ്ടപ്പെടാൻ വഴിവെച്ചത്. ലോകത്തിന്‍റെ വിവിധ കോണുകളിലെ കാഴ്ചകളും അവിടത്തെ മനുഷ്യരുടെ ജീവിതരീതിയുമൊക്കെ വായനയിലൂടെ അറിഞ്ഞ മോളി അതെല്ലാം നേരിൽ കാണാൻ ഏറെ ആഗ്രഹിച്ചു.

സ്കൂൾ പഠനകാലത്തൊന്നും ഒരു യാത്രയും പോയിട്ടില്ല. 10 വയസ്സുള്ളപ്പോൾതന്നെ പറ്റുന്ന പണിയൊക്കെ ചെയ്തിരുന്നത് മോളി ഓർത്തെടുത്തു. ഭർത്താവ് ജോയിയും കരിങ്കല്ല് പണിക്കാരനായിരുന്നു. പ്രയാസങ്ങളിലും സന്തോഷം കണ്ടെത്തി രണ്ട് മക്കളുമായി ഇവരുടെ കുടുംബം മുന്നോട്ട് നീങ്ങി.

അതിനിടെ 2004ൽ ഭർത്താവ് മരിച്ചു. കടയിലെ കച്ചവടവുമായി മോളി മക്കളെ വളർത്തി. മകൾ ജിഷയുടെ വിവാഹം 2006ൽ നടത്തി. മകൻ ഏലിയാസ് വെൽഡറായി അബൂദബിയിലേക്ക് പോയി. പലചരക്ക് കടയിലെ വ്യാപാരവുമായി ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടുപോകുകയായിരുന്നു മോളി.


ചെറിയ യാത്രകളിൽ തുടക്കം

2007ൽ അയൽവാസികളായ കുറച്ചുപേർക്കൊപ്പം തിരുവനന്തപുരം, കോവളം, പഴനി, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള ചെറിയ യാത്രകളിലൂടെയാണ് മോളിയുടെ സഞ്ചാരങ്ങൾ ആരംഭിക്കുന്നത്. 2010ൽ പാസ്പോർട്ട് എടുത്തു. 2012ൽ മകന്‍റെ വിവാഹം കഴിഞ്ഞു.

ഇതിനിടെയാണ് വീടിനടുത്ത മേരി എന്ന വീട്ടമ്മ യൂറോപ് ട്രിപ് പ്ലാൻ ചെയ്തത്. അവർക്കൊപ്പം പോകാൻ മോളിക്കും ആഗ്രഹമുണ്ടായി. ഇത്ര ദൂരേക്കുള്ള യാത്രയായതിനാൽ സാമ്പത്തികമടക്കം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. എങ്കിലും അവസരം നഷ്ടപ്പെടുത്താൻ മനസ്സ് വന്നില്ല. മക്കളോട് വിഷയം അവതരിപ്പിച്ചു. അവർ പൂർണ പിന്തുണ നൽകി.

കൈയിലുണ്ടായിരുന്നതും കച്ചവടം ചെയ്തതുമൊക്കെ ചേർത്തുപിടിച്ച് യാത്ര പുറപ്പെട്ടു. വള പണയംവെച്ച് കിട്ടിയ പൈസയും അതിനോട് ചേർത്തു. അങ്ങനെ പുറപ്പെട്ട 10 ദിവസത്തെ യാത്ര അവിസ്മരണീയമായിരുന്നു. വത്തിക്കാൻ, ഫ്രാൻസ്, പാരിസ് തുടങ്ങിയ സ്ഥലങ്ങൾ അനുഭവിച്ചറിയാനായി.

മോളി ജോയ് ഐഫൽ ടവറിൽ


കടൽകടന്ന്

ആദ്യ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തി ജീവിതം മുന്നോട്ടുപോകുമ്പോൾ യാത്ര പകർന്ന അനുഭവങ്ങളായിരുന്നു മുതൽക്കൂട്ട്. സഞ്ചാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിൽ സൂക്ഷിച്ചു. അടുത്ത യാത്രക്കായി മാനസികമായി ഒരുങ്ങി. 2017ൽ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് പറന്നു. ലോകം കാണാനുള്ള ആഗ്രഹം ഉറച്ച തീരുമാനമായി അപ്പോഴേക്കും വളർന്നിരുന്നു.

2019ൽ അടുത്തയാത്രയും സാധ്യമായി. 15 ദിവസത്തെ ലണ്ടൻ യാത്രയെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. ഇംഗ്ലണ്ട്, ബെൽജിയം, നെതർലൻഡ്സ്, പോളണ്ട് അങ്ങനെ ലോകം ചുറ്റി. കോവിഡ് കാലത്താണ് യാത്രകൾക്ക് ഇടവേളയെടുത്തത്. 2021ൽ അടുത്തയാത്ര സാധ്യമായി. ഏറെ ആഗ്രഹിച്ച ആ യാത്ര അമേരിക്കയിലേക്കായിരുന്നു.

കേട്ടും വായിച്ചും മാത്രം അറിഞ്ഞ ന്യൂയോർക്കിലും വാഷിങ്ടണിലുമൊക്കെ മോളി നേരിട്ടെത്തി. 2022ൽ അരുണിമ എന്ന വ്ലോഗർക്കൊപ്പം ടൂറിസ്റ്റ് കമ്പനിക്കാരുടെ സ്പോൺസർഷിപ്പിൽ ബാങ്കോക്, പട്ടായ യാത്രയും നടത്തി. പോകാൻ ഏറെ ആഗ്രഹിച്ച മറ്റൊരു സ്ഥലമായിരുന്നു റഷ്യ. അവിടേക്കുള്ള യാത്ര നടത്താനായത് 2023ലായിരുന്നു.

കട്ട സപ്പോർട്ടുമായി മക്കളും

ആദ്യ യാത്രയുടെ ആലോചനമുതൽ മക്കൾ നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്ന് മോളി പറഞ്ഞു. പ്രായവും സാമ്പത്തിക സ്ഥിതിയുമൊന്നും ചൂണ്ടിക്കാട്ടി അവർ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. കട അടച്ചിടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിച്ചപ്പോൾ കട്ട സപ്പോർട്ടുമായി കൂടെനിന്നത് മരുമകൾ ജാക്സിയാണെന്ന് മോളി പറഞ്ഞു. അമ്മ ധൈര്യമായി പൊയ്ക്കോളൂ എന്ന് പറഞ്ഞ് വീട്ടുകാര്യവും കടയുടെ നടത്തിപ്പും മരുമകൾ ഭംഗിയായി നിർവഹിച്ചു.

ഓരോ യാത്രയിലും ഒപ്പമുണ്ടായിരുന്നവരിൽനിന്ന് ലഭിച്ചത് വലിയ പിന്തുണയായിരുന്നു. അവർ മോളിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഈ പ്രായത്തിൽ പ്രതിബന്ധങ്ങൾ മറികടന്ന് ലോകം കാണാനിറങ്ങിയ ഇവരോട് സഹയാത്രികർ സ്നേഹവും ബഹുമാനവുമാണ് പ്രകടിപ്പിച്ചത്. ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം യാത്ര ചെയ്യുകയെന്നത് തന്നെയാണ്.

ആരെങ്കിലും സ്പോൺസർ ചെയ്യാൻ തയാറായി വന്നാൽ ഇനിയും നിരവധി യാത്രകളുണ്ടാകും. തിരിഞ്ഞുനോക്കുമ്പോൾ യാത്രകളിലൂടെ ലഭിച്ച ഓർമകൾ വലിയൊരു സമ്പത്താണെന്നും മോളി കൂട്ടിച്ചേർത്തു. ആകാശത്തുകൂടി വിമാനങ്ങൾ പോകുന്നത് കാണുമ്പോൾ അടുത്ത യാത്രയുടെ തീയതിയെക്കുറിച്ച് മാത്രമാണ് ഇവരുടെ ചിന്ത.





Tags:    
News Summary - Molly Joy's Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.